
തിരുവനന്തപുരം: കേരള നിയമസഭ 2025 ഒക്ടോബർ 9ന് പാസാക്കി, ഗവർണറുടെ അംഗീകാരത്തിന് അയച്ച മലയാളം ഭാഷാ ബില്ലിനെതിരെ പ്രതിഷേധവുമായി കർണാടക. ബില്ല് കാസർകോട് ജില്ലയിലെ കന്നഡ സംസാരിക്കുന്ന ഭാഷാന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണിത്.
എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ഒന്നുമുതൽ 10വരെ മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. കാസർകോട് ജില്ലയിൽ ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്ക് കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ സംസാരഭാഷ കന്നടയും തുളുവുമാണ്. സ്കൂളുകളിൽ ഇപ്പോൾ കന്നടയും മലയാളവും പഠിപ്പിക്കുന്നുണ്ട്. ഇതുമാറ്റി എല്ലാ വിദ്യാർത്ഥികളും ഒന്നാം ഭാഷയായി മലയാളം പഠിക്കണമെന്ന വ്യവസ്ഥയിലാണ് എതിർപ്പ്.
കർണാടക അതിർത്തി പ്രദേശ വികസന അതോറിറ്റി (കെ.ബി.എ.ഡി.എ) പ്രതിനിധികൾ കാസർകോടുവച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറെ കണ്ട് ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പുനഃപരിശോധനാ ഹർജിയും നൽകി. ഇക്കാര്യം ഗൗരവമായി പരിശോധിക്കാമെന്ന് ഗവർണർ ഉറപ്പു നൽകി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സമൂഹമാദ്ധ്യമത്തിലൂടെ ബില്ലിനെതിരെ നിലപാട് പ്രകടിപ്പിച്ചിട്ടുണ്ട്.
ഇനി ഗവർണറുടെ നിലപാടാവും നിർണായകം. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 30, 347, 350, 350എ, 350ബി എന്നിവ ബില്ല് ലംഘിക്കുന്നുവെന്നാണ് കെ. ബി.എ.ഡി.എയുടെ ആരോപണം.
സ്കൂളുകളിൽ ഒന്നാം
ഭാഷ മലയാളമാകണം
1.കേരളത്തിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും പത്താംക്ളാസ് വരെ നിർബന്ധിത ഒന്നാംഭാഷ മലയാളം ആയിരിക്കണമെന്നതാണ് ബില്ലിലെ വ്യവസ്ഥ. എല്ലാ സ്കൂളുകളും മലയാള ഭാഷാവ്യാപനം പ്രോത്സാഹിപ്പിക്കണം
2.മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാർത്ഥികൾക്ക് അതിനുപുറമെ മലയാള ഭാഷകൂടി പഠിക്കാൻ അവസരം നൽകണം.
3.സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി മലയാളത്തെ സ്വീകരിക്കാനും എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കാനും ലക്ഷ്യമിടുന്നു
4.കേരളത്തിന്റെ സമസ്തമേഖലകളിലും മലയാളഭാഷയുടെ പ്രയോഗം വ്യവസ്ഥ ചെയ്യുക, ഭാഷയുടെ വളർച്ചയും വ്യാപനവുമടക്കം ഉറപ്പുവരുത്തുക എന്നിവയും ലക്ഷ്യം
കന്നഡയും വേണമെന്ന്
കന്നഡ മീഡിയം സ്കൂളുകളിൽ കന്നഡ അദ്ധ്യാപകരെ നിയമിക്കണമെന്ന് കെ.ബി.എ.ഡി.എ ആവശ്യപ്പെടുന്നു. പൊലീസ്-റെയിൽവേ സ്റ്റേഷനുകൾ, ദേശീയപാതകൾ എന്നിവിടങ്ങളിലെ ബോർഡുകളിൽ കന്നഡ ഭാഷ ഉപയോഗിക്കണം. കാസർകോട്ടെ പൊതു ഓഫീസുകളിൽ ഔദ്യോഗിക ആശയവിനിമയങ്ങൾക്ക് കന്നഡ ഭാഷ ഉപയോഗിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |