
കാഞ്ഞിരമറ്റം: ചരിത്ര പ്രസിദ്ധമായ കാഞ്ഞിരമറ്റം കൊടികുത്ത് ചന്ദനക്കുടം ഉറൂസ് ആഘോഷത്തിന് 12ന് മതപ്രഭാഷണത്തോടെ തുടക്കമാകും. 14ന് പ്രസിദ്ധമായ കൊടികുത്തും ചന്ദനക്കുടവും നടക്കും. 12ന് രാത്രി 7നു നടക്കുന്ന സമ്മേളനം കാഞ്ഞിരമറ്റം പള്ളി മാനേജർ എം.എ.അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്യും. വി.പി. ലത്തീഫ് വടക്കേപീടികയിൽ അദ്ധ്യക്ഷനാകും. ഷംസുദ്ദീൻ വഹബി പോഞ്ഞാശേരി മതപ്രഭാഷണം നടത്തും. രാത്രി 9ന് ബുർദ ഖവാലി മജ്ലിസ്. 13ന് രാത്രി 7ന് നടക്കുന്ന മതസൗഹാർദ സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പള്ളി മാനേജർ എം.എ. അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷനാകും. ശേഷം ബുർദ മജ്ലിസ്, തുടർന്നു നടക്കുന്ന ദുആ സമ്മേളനത്തിന് പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവിയും അൻസാരി ബാഖവിയും പ്രാദേശിക മഹൽ ഉസ്താദുമാരും നേത്യത്വം നൽകും. 14ന് രാവിലെ പുരാതന തറവാടുകളായ കല്ലൂപ്പറമ്പിൽ നിന്നും ചുണ്ടക്കാട്ടു നിന്നും പുറപ്പെടുന്ന കൊടിഘോഷയാത്രകൾ വാദ്യമേളങ്ങളുടെ അകമ്പടിയിൽ പള്ളിയിലെത്തി രാവിലെ 10.30ന് താഴത്തെ പള്ളിയിലും 11ന് മലേപ്പള്ളിയിലും കൊടിയേറ്റും. ഉച്ചയ്ക്ക് 1നും രാത്രി 10നും ദുആ മജ്ലിസ്, രാത്രി 10.30ന് പ്രാദേശിക മഹല്ലുകളിൽ നിന്ന് ചന്ദനക്കുട ഘോഷയാത്ര എത്തിയശേഷം 11ന് പ്രസിദ്ധമായ ചന്ദനക്കുടം നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് കൊടികുത്ത് ചന്ദനക്കുടം ഉറൂസിന് എത്തിച്ചേരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |