
കോട്ടയം : പക്ഷിപ്പനിയെ തുടർന്ന് മൃഗസംരക്ഷണവകുപ്പ് കൊന്നൊടുക്കിയ കോഴി, താറാവുകൾക്കുള്ള നഷ്ടപരിഹാരം ലഭിക്കാതെ കർഷകർ. തുക വൈകുന്നത് വായ്പയെടുത്ത കർഷകരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ബാങ്ക് വായ്പയുടെ പലിശ പോലും അടയ്ക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. നഷ്ടപരിഹാരത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് നൽകേണ്ടത്. മുൻവർഷത്തെ നഷ്ടപരിഹാരമായി 2.28 കോടി രൂപ കേന്ദ്രസർക്കാർ ഇനിയും സംസ്ഥാനത്തിന് നൽകാനുണ്ട്. ഇതു ലഭിച്ചാൽ മാത്രമേ ചത്തതും പ്രതിരോധത്തിന്റെ ഭാഗമായി കൊന്നതുമായ പക്ഷികളുടെ നഷ്ടപരിഹാരം കർഷകർക്ക് ലഭിക്കൂ. 2014ന് ശേഷം ഓരോ തവണയും ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് ക്രിസ്മസ് സീസണിലെ പക്ഷിപ്പനി കർഷകരുടെ നട്ടെല്ലൊടിക്കുന്നു. താറാവ് ,കോഴി കൃഷി പുന:രാരംഭിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾക്ക് സഹായം നൽകാൻ നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
പുതുക്കാത്ത നഷ്ടപരിഹാരം
കൊന്നൊടുക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാര തുക അപര്യാപ്തമെന്ന പരാതി ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വലിയ താറാവിന് ചെലവുമാത്രം 300 രൂപയാകുമ്പോൾ 200 രൂപ തന്നാൽ എന്തുചെയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്. 2014 ൽ സർക്കാർ പ്രഖ്യാപിച്ച തുകയാണ് ഇപ്പോഴും നൽകുന്നത്. 2014 ൽ ഒരു താറാവുകുഞ്ഞിന് 18 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 30 രൂപയ്ക്ക് മുകളിലായി. താറാവിനെ സംരക്ഷിക്കുന്ന തൊഴിലാളിയ്ക്ക് കൂലി 1000 രൂപയ്ക്ക് മുകളിലായി. തീറ്റയ്ക്കും വില കൂടി.
ഒരു താറാവിന്റെ നഷ്ടപരിഹാരം: 200 രൂപ
ആവശ്യപ്പെടുന്നത് : 300-350 രൂപ
'' നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്ന് കാട്ടി സർക്കാരിനെ സമീപിക്കും. താറാവുകൾക്ക് മരുന്ന് ലഭ്യമാക്കാൻ സർക്കാർ ഇടപെടലുണ്ടാവണം. രോഗം ബാധിച്ച മേഖലകൾക്ക് പുറത്തുള്ള താറാവുകളെ സംരക്ഷിക്കാൻ സർക്കാർ സംവിധാനം ഒരുക്കണം.
അജയൻ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |