തിരുവനന്തപുരം: വികസന പാതയിൽ അതിവേഗം കുതിക്കുമ്പോഴും തിരുവനന്തപുരം നഗരത്തിലെ തുറന്നുകിടക്കുന്ന ഓടകൾ കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ തലസ്ഥാന നഗരിയിൽ ഓടകളിൽ വീണുണ്ടായ അപകടങ്ങളും മരണങ്ങളും അധികൃതരുടെ അനാസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്. കഴിഞ്ഞദിവസം രാത്രി അണ്ടൂർക്കോണത്ത് നിയന്ത്രണംവിട്ട സ്‌കൂട്ടർ മൂടിയില്ലാത്ത ഓടയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചതാണ് ഒടുവിലത്തെ സംഭവം.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ പാതയോരങ്ങളിലെല്ലാം ' വായ തുറന്നുനിൽക്കുന്ന ഓടകൾ ' അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. എന്നാൽ നഗരസഭയുടെയോ പൊതുമരാമത്ത് വകുപ്പിന്റെയോ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ പഴയ സ്ലാബുകൾ പൊളിച്ചുമാറ്റിയ ശേഷം മാസങ്ങളോളം അവ തുറന്നിടുന്നതാണ് പതിവ്.
കേബിൾ ഇടുന്നതിനും മറ്റ് നിർമ്മാണങ്ങൾക്കുമായി സ്ലാബുകൾ നീക്കം ചെയ്‌ത ശേഷം തിരികെ സ്ഥാപിക്കാത്തതാണ് പലപ്പോഴും പ്രശ്‌നമാകുന്നത്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും മുന്നറിയിപ്പ് ബോർഡുകളോ വേലികളോ ഇല്ലാത്തതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. റോഡ് സുരക്ഷാ കമ്മിറ്റി,ദുരന്ത നിവാരണ അതോറിട്ടി,നഗരസഭ, പൊതുമരാമത്ത് വകുപ്പ് എന്നിവയെല്ലാം അപകടങ്ങൾക്കുശേഷം യോഗങ്ങൾ ചേരുകയും സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം കടലാസിൽ ഒതുങ്ങുകയാണെന്നാണ് ആക്ഷേപം.
ജനങ്ങളുടെ ആവശ്യങ്ങൾ
1. നഗരത്തിലെ ഓടകളുടെ അവസ്ഥയെക്കുറിച്ച് കൃത്യമായ സർവേ നടത്തുക.
2. തുറന്നുകിടക്കുന്ന ഓടകൾക്ക് മുകളിൽ സ്ലാബിടാൻ നടപടി വേണം.
3.നിർമ്മാണങ്ങൾക്കായി തുറക്കുന്ന ഓടകൾക്ക് ചുറ്റും സുരക്ഷാ മുന്നറിയിപ്പുകൾ സ്ഥാപിക്കുക.
4. അപകടകരമായ എല്ലാ ഓടകൾക്കും മുകളിൽ ഉറപ്പുള്ള സ്ലാബുകൾ സ്ഥാപിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |