മാനന്തവാടി മുനിസിപ്പാലിറ്റിയിൽ പ്രധാനമായ പല വികസന പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്താനും തുടങ്ങിവച്ചത് പൂർത്തീകരിക്കാനുമുണ്ട്. തുടർഭരണം ഉത്തരവാദിത്വം കൂട്ടുകയാണെന്ന് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ജേക്കബ് സെബാസ്റ്റ്യൻ പറയുന്നു. വരുന്ന അഞ്ചുവർഷം മുനിസിപ്പാലിറ്റിയിൽ വരാൻ പോകുന്ന വികസന മുന്നേറ്റങ്ങൾ ചെയർപേഴ്സൺ 'കേരളകൗമുദി'യോട് സംസാരിക്കുന്നു.
ഭാവി പ്രവർത്തനങ്ങൾ എങ്ങനെയാവും ?
അധികാരത്തിലേറ്റിയ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. യു.ഡി.എഫ് നേതാക്കളുമായും മുഴുവൻ കൗൺസിലർമാരുമായും കൂടിയാലോചിച്ചു ചിട്ടപ്പെടുത്തിയുള്ള വികസനപ്രവൃത്തികൾ നടത്തും.
മാനന്തവാടിയുടെ വികസനത്തെ എങ്ങനെ കാണുന്നു?
മാനന്തവാടി ഇതുവരെ പൂർണമായി വികസിച്ചിട്ടില്ല. അമ്പതു ശതമാനം മാത്രമേ ആയിട്ടുള്ളു. മാനന്തവാടി നഗരവികസനത്തിന് മുൻതൂക്കം നൽകിയുള്ള പ്രവർത്തനം ഭരണസമിതിയിൽ നിന്നുണ്ടാവും. കുറുവാദ്വീപ്, കൂടൽക്കടവ്, പഞ്ചാരക്കൊല്ലി, ചിറക്കര ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും നഗരസഭാ പരിധിയിലെ ടൂറിസത്തിനു സാദ്ധ്യതയുള്ള മറ്റു പ്രദേശങ്ങളും കണ്ടെത്തി വിനോദസഞ്ചാരമേഖലയ്ക്കു കരുത്തു പകരും.
ഭരണസമിതിയുടെ പ്രഥമ പരിഗണന എന്തിനാവും ?
കാലപ്പഴക്കംചെന്ന ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ആദ്യം മുൻഗണന നൽകുക. കഴിഞ്ഞ ഭരണസമിതി ഇതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിരുന്നു. അവസാന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് വന്നത്. ബസ് സ്റ്റാൻഡിലേക്ക് നേരിട്ട് വാഹനങ്ങൾ കയറി, പിൻവശത്ത് കെട്ടിടങ്ങളുള്ള രീതിയിലാവും പുതിയ സ്റ്റാൻഡ് നിർമിക്കുക. കമ്മ്യൂണിറ്റി ഹാൾ നിർമിച്ച് നഗരസഭയ്ക്ക് വരുമാനമുണ്ടാക്കും. പുതിയ നഗരസഭാ ഓഫീസിന്റെ ബാക്കിയുള്ള പ്രവൃത്തികൾ യഥാസമയം പൂർത്തിയാക്കും.
ഭവന, കുടിവെള്ള പദ്ധതി കാഴ്ചപ്പാടുകൾ എന്ത് ?
നഗരസഭാ പരിധിയിൽ സ്വന്തമായി വീടില്ലാത്ത ഒരാളും ഉണ്ടാവരുത് എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കും. അമൃത് കുടിവെള്ള പദ്ധതിയിലൂടെ നിരവധി പേർക്ക് കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്. കുടിവെള്ള ലഭ്യത ഇല്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും അത് ഉറപ്പുവരുത്തും. എല്ലാമേഖലകളിലും വികസനം നടപ്പാക്കി നഗരസഭയെ നയിക്കാനുള്ള ശ്രമമാണ് നടപ്പിലാക്കുക.
ഭരണസമിതിയുടെ മറ്റു പ്രവർത്തനങ്ങൾ ?
ഏറ്റവും താഴെത്തട്ടിലുള്ള വിഭാഗങ്ങളിലുൾപ്പെടെ വികസനം എത്തിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. ഗ്രാമീണമേഖലയിൽ ജനങ്ങളുടെ സാമ്പത്തിക വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കും. തൊഴിലുറപ്പു പദ്ധതിയുടെ കടയ്ക്കൽ കത്തിവെക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെങ്കിലും തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന മുഴുവൻപേർക്കും നൂറു തൊഴിൽദിനങ്ങൾ ഭരണസമിതി ഉറപ്പാക്കി തൊഴിലാളികളെ ചേർത്തുനിർത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |