റാന്നി: പെരുനാട് കൂനംകര ചപ്പാത്തിന് സമീപം വീണ്ടും കക്കൂസ് മാലിന്യവും അറവുശാലാ അവശിഷ്ടങ്ങളും തള്ളുന്നത് പതിവാകുന്നു. കക്കൂസ് മാലിന്യത്തിനൊപ്പം സാനിറ്ററി നാപ്കിനുകൾ, മീൻ വേസ്റ്റ് എന്നിവയും ഇവിടെ വ്യാപകമായി നിക്ഷേപിക്കുന്നുണ്ട്. രാത്രികാലങ്ങളിലെ ഇരുട്ടിന്റെ മറവിലാണ് സാമൂഹിക വിരുദ്ധർ ഇവിടെ മാലിന്യം തള്ളുന്നത്. മാലിന്യ നിക്ഷേപം മൂലം പ്രദേശത്ത് അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നത്. തോടിന്റെ ഇരുവശങ്ങളിലുമായി അമ്പതിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് ആയിരക്കണക്കിന് തീർത്ഥാടകർ ആശ്രയിക്കുന്ന ജലസ്രോതസാണ് ഇവിടം. കക്കാട്ടാറിന്റെ കൈവഴിയായ ഈ തോട്ടിലെ വെള്ളം പിന്നീട് പമ്പാനദിയിലേക്കാണ് എത്തുന്നത്. അതിനാൽ തന്നെ ഈ മാലിന്യ നിക്ഷേപം പമ്പയിലെ ജലത്തെയും മലിനമാക്കുന്നു. നിരവധി കുടിവെള്ള പദ്ധതികളെയും ഇത് നേരിട്ട് ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ജലാശയങ്ങളെ മാലിന്യകുപ്പയാക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പൊലീസ് പരിശോധന കർശനമാക്കണമെന്നും പഞ്ചായത്ത് ഭരണകൂടം ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
........................................................
"രാത്രിയുടെ മറവിൽ ടാങ്കറുകളിലും മറ്റും എത്തിക്കുന്ന മാലിന്യം തോട്ടിലേക്ക് നേരിട്ട് ഒഴുക്കുകയാണ് ചെയ്യുന്നത്. ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ഇത് വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അധികൃതർ ഉടൻ ഇടപെട്ട് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും കുറ്റവാളികളെ പിടികൂടി ശിക്ഷ നൽകാനും തയാറാകണം.
കിരൺ
(പ്രദേശവാസി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |