ശബരിമല : ദർശനത്തിനെത്തിയ തമിഴ്നാട് പൊലീസ് എസ്.ഐയുടെ എ.ടി.എം കാർഡ് കൈക്കലാക്കി 10,000 രൂപ കവർന്ന അരവണ വിതരണ കൗണ്ടറിലെ താത്കാലിക ജീവനക്കാരൻ പിടിയിൽ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരൻ മാവേലിക്കര സ്വദേശി ജിഷ്ണു ആണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. ചെന്നൈയിലെ എസ്.ഐ വടിവേലിന്റെ എ.ടി.എം കാർഡ് അപഹരിച്ചാണ് ജിഷ്ണു പണം തട്ടിയത്. 15-ാം നമ്പർ കൗണ്ടറിൽ നിന്ന് എസ്.ഐ വടിവേൽ 1460 രൂപയുടെ അപ്പം, അരവണ പ്രസാദങ്ങൾ വാങ്ങിച്ചു. പണമടയ്ക്കുന്നതിനായി എ.ടി.എം കാർഡ് സ്വൈപ്പ് ചെയ്യാൻ കൗണ്ടറിലെ താത്കാലിക ജീവനക്കാരനായ ജിഷ്ണുവിന് നൽകി. ഈസമയം ജിഷ്ണു എ.ടി.എം കാർഡിന്റെ രഹസ്യ നമ്പർ മനസിലാക്കുകയും പണം ക്രെഡിറ്റ് ആയതിന് ശേഷം എസ്.ഐ സ്വൈപ്പ് ചെയ്യാൻ നൽകിയ കാർഡിന് പകരം മറ്റൊരു കാർഡ് തിരിച്ചുനൽകുകയുമായിരുന്നു. ഇതറിയാതെ എസ്.ഐയും സംഘവും ദർശനം കഴിഞ്ഞ് മടങ്ങി. കുറച്ചുസമയം കഴിഞ്ഞപ്പോൾ കൈക്കലാക്കിയ, എസ്.ഐയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയിൽനിന്ന് ജിഷ്ണു 10,000 രൂപ പിൻവലിച്ചു. പണം പിൻവലിച്ചെന്ന സന്ദേശം ഫോണിൽ ലഭിച്ചതോടെയാണ് എസ്.ഐയ്ക്ക് ചതി മനസിലായത്. ഉടൻതന്നെ ധനലക്ഷ്മി ബാങ്കിനെ വിവരം അറിയിച്ചു. ധനലക്ഷ്മി ബാങ്ക് ദേവസ്വം വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ജിഷ്ണു പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |