
പത്തനംതിട്ട : കാലാവധി കഴിഞ്ഞ പഴയ വാഹനങ്ങൾ ലേലംചെയ്യാതെ കിടക്കുകയാണ് സർക്കാർ ഒാഫീസുകളിൽ.
ഒാഫീസ് വളപ്പിലെ പാർക്കിംഗ് സ്ഥലം കൈയടക്കി വർഷങ്ങളായി കിടക്കുന്ന ഇൗ വാഹനങ്ങൾ നീക്കംചെയ്യാൻ നടപടിയില്ല.
പൊടിപിടിച്ചും പായൽ നിറഞ്ഞും തുരുമ്പെടുത്തും കിടക്കുന്ന വാഹനങ്ങൾ ഒാഫീസ് വളപ്പിലെ പാർക്കിംഗ് സ്ഥലം കൈയടക്കി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജില്ലയിൽ കളക്ടറേറ്റ് കവാടം കടക്കുമ്പോഴുള്ള ആദ്യ കാഴ്ച ഇത്തരം വാഹനങ്ങളാണ്. പതിനൊന്ന് വാഹനങ്ങളാണ് ഇവിടെ ഉപയോഗിക്കാതെ കിടക്കുന്നത്. ഇതിൽ എട്ടെണ്ണവും ആരോഗ്യ വകുപ്പിന്റേതാണ്. ആരോഗ്യ വകുപ്പിന്റെ ആംബുലൻസുകൾ, വാക്‌സിൻ വാൻ, സഞ്ചരിക്കുന്ന ലബോറട്ടറി, ആംബുലൻസ്, ബൊലേറോ കാറുകൾ എന്നിയാണ് ഉപയോഗമില്ലാതെ കിടക്കുന്നത്. പതിനഞ്ച് വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങളാണ് ഇവയെല്ലാം. ലേലംചെയ്ത് പൊളിച്ചുവിൽക്കാനേ കഴിയു. പക്ഷേ ഇതിന് നടപടിയില്ല. മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ , തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലും നിരവധി വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്.
വിവിധ സർക്കാർ സ്ഥാപനങ്ങളും കോടതികളും പ്രവർത്തിക്കുന്ന മിനിസിവിൽ സ്റ്റേഷനിലും പാർക്കിംഗ് ദുരിതമാണ്. നീക്കിയിടാൻ പോലും കഴിയാത്ത ഇത്തരം വാഹനങ്ങൾ കാരണം മിനിസിവിൽ സ്റ്റേഷനകത്ത് മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.
ലേല നടപടി ഇഴയുന്നു
1 പതിനഞ്ച് വർഷം കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കണമെന്നാണ് ചട്ടം. പക്ഷേ ഇവ കൃത്യമായി പാലിക്കാറില്ല. പലപ്പോഴും വർഷങ്ങളേറെ കഴിഞ്ഞാകും ലേല നടപടി ആരംഭിക്കുക. അപ്പോഴേക്കും വാഹനങ്ങൾ തുരുമ്പിച്ച് നശിച്ചിരിക്കും. നല്ല വിലയിൽ ലേലത്തിൽ പോകേണ്ട വാഹങ്ങൾ ആക്രിവിലയ്ക്കാണ് ഇതുമൂലം വിൽക്കേണ്ടി വരിക.
2 പി.ഡബ്ല്യൂ.ഡി വാഹന വിഭാഗമാണ് ഉപയോഗശൂന്യമായ വാഹനങ്ങൾക്ക് വില നിശ്ചയിക്കുക. ഈ തുക അനുസരിച്ചാണ് ലേല നടപടി സ്വീകരിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി ഇഴഞ്ഞു നീങ്ങുന്നതാണ് പ്രശ്നം . സർക്കാരിന് വൻ നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |