പുനലൂർ: പതിറ്റാണ്ടുകളായി എക്കലും മണലും മരങ്ങളും അടിഞ്ഞുകൂടി തെന്മല പരപ്പാർ ഡാമിന്റെ സംഭരണശേഷി കുറഞ്ഞു. ഡാമിന്റെ 40 ശതമാനത്തോളം അവശിഷ്ടങ്ങൾ കവർന്നെന്നാണ് വിലയിരുത്തൽ. എന്നിട്ടും കോടികൾ വിലമതിക്കുന്ന മണൽ ശാസ്ത്രീയമായി നീക്കം ചെയ്യണമെന്ന ആവശ്യത്തിന് മേൽ സംസ്ഥാന സർക്കാർ മൗനം തുടരുന്നു.
ഡാമിന്റെ സംഭരണ ശേഷി വിലയിരുത്താൻ നിരവധി തവണ ഹൈഡ്രോ ഗ്രാഫിക് സർവേ സംഘം പഠനം നടത്തി റിപ്പോർട്ട് സമപ്പിച്ചതാണ്. കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് പരിശോധന നടത്തിയത്. എന്നാൽ മണൽ നീക്കാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
23 കിലോമീറ്ററാണ് ഡാമിന്റെ വൃഷ്ടിപ്രദേശം. വേനൽക്കാലത്ത് മൂന്ന് ജില്ലകൾക്ക് കനാൽ വഴി ജലവിതരണത്തിനാണ് ഡാമിൽ വെള്ളം സംഭരിക്കുന്നത്. ഡാമിനോട് ചേർന്നുള്ള ജലവൈദ്യുതി നിലയത്തിലേക്കും വെള്ളം ഉപയോഗിക്കുന്നുണ്ട്. ശക്തമായ മഴയിൽ ഡാമിലെ ജലനിരപ്പ് വളരെ വേഗം ഉയരുമ്പോൾ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. അതിനാൽ വേനൽക്കാലത്തേക്ക് വേണ്ടത്ര ജലം സംഭരിക്കാൻ കഴിയുന്നില്ല. മണൽ നീക്കം ചെയ്ത് സംഭരണ ശേഷി കൂട്ടുകയാണ് ഇതിനുള്ള പ്രതിവിധി.
സാമ്പത്തിക പ്രതിസന്ധിയെന്ന് സർക്കാർ വിലപിക്കുമ്പോഴും കോടികൾ വരുമാനം നൽകുന്ന തെന്മല ഡാമിലെ മണൽ നീക്കത്തെ സർക്കാർ ഗൗരവത്തോടെ കാണുന്നില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകാത്ത വിധത്തിൽ മണൽ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ അനുമതി നേടിയെടുത്താൽ കോടികളാകും ഖജനാവിലേക്ക് എത്തുക.
2000 കോടിയുടെ മണൽ നിക്ഷേപം
രണ്ടായിരം കോടിയോളം വില ലഭിക്കാവുന്ന മണൽ നിക്ഷേപമാണുള്ളത്
അവശിഷ്ടങ്ങൾ കവർന്നത് ഡാമിന്റെ 40 ശതമാനത്തോളം
ചെറിയ മഴയിൽ പോലും ഡാം വേഗം നിറയുന്നതിനാൽ വെള്ളം ഒഴുക്കിക്കളയേണ്ടിവരുന്നു
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾക്കായി വേണ്ടത്ര ജലം സംഭരിക്കാൻ കഴിയുന്നില്ല
വേനൽകാലത്തേ ഡാമിലെ എക്കലും മണലും ഡ്രഡ്ജ് ചെയ്യാനാകൂ
തെന്മല മേഖലയിൽ നൂറുകണക്കിന് തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കും
വനമേഖലയായതിനാൽ മണൽ നീക്കത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം
മണൽ നീക്കം ചെയ്യാൻ വനപാത ഉപയോഗിക്കേണ്ടി വരും
ഇക്കോ ടൂറിസം കേന്ദ്രത്തിലൂടെയാണ് പാത കടന്നുപോകുന്നത്
കേന്ദ്രം കനിയണം
ശെന്തുരുണി വന്യജീവി സങ്കേതമുൾപ്പെടുന്നതാണ് ഡാം പ്രദേശം. അത്യപൂർവ ജല ജീവജാലങ്ങൾക്ക് നാശമുണ്ടാകുമെന്നതിനാലാണ് കേന്ദ്ര സർക്കാർ മണൽ നീക്കത്തെ അനുകൂലിക്കാത്തത്. എന്നാൽ വന്യജീവികൾക്ക് ദോഷകരമാകാത്ത നിലയിൽ മണലും എക്കലും നീക്കം ചെയ്യാൻ സംസ്ഥാന സർക്കാരാണ് മുൻകൈയെടുക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |