ഇൻഡി ചീനി ഭായി ഭായി എന്നാണ് 1950 കളിൽ ഇന്ത്യ- ചൈന ബന്ധത്തെ വിശേഷിപ്പിച്ചിരുന്നത്. അന്ന് ഇരുരാജ്യങ്ങളുടെയും നേതാക്കന്മാരുടെ കൂടിക്കാഴ്ച സമയത്ത് പൊതുജനങ്ങൾ പൊതുനിരത്തിൽ അണിനിരന്ന് ഇൻഡി ചീനി ഭായി ഭായി എന്ന മുദ്രാവാക്യം മുഴക്കി നേതാക്കന്മാരെ സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു. ഇതിന് സമാനമായ ഒരു വരവേൽപ്പാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിന് മഹാബലിപുരത്ത് ലഭിച്ചത്. തികച്ചും ഭായിമാരെപ്പോലെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റും പെരുമാറിയത്. അവരുടെ ശരീരഭാഷയും വർത്തമാനങ്ങളും ഈ രസതന്ത്രം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഷീ ജിൻ പിംഗ് തനിക്ക് ലഭിച്ച വൻ വരവേൽപ്പിന് പ്രത്യേകം നന്ദി പറയുകയും അടുത്ത അനൗദ്യോഗിക സമ്മേളനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യാ - ചൈനാ ബന്ധത്തിലെ പുതുയുഗപ്പിറവി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയെ വിശേഷിപ്പിച്ചത്. വളരെ ഫലവത്തായ സമ്മേളനം എന്നാണ് ഇന്ത്യൻ വിദേശകാര്യവക്താവ് ഇതിനെ ശരിവച്ചത്.
സഹകരണം സുപ്രധാനം
തർക്ക പ്രശ്നങ്ങൾ വളരെയേറെയുണ്ടെങ്കിലും സഹകരിക്കാവുന്ന മേഖലകളിൽ പരമാവധി സൗഹൃദം സ്ഥാപിക്കുക എന്നതാണ് മഹാബലിപുരം ഉച്ചകോടി നൽകുന്ന സന്ദേശം. പ്രശ്നങ്ങളിൽ കടിച്ചു തൂങ്ങുന്നതിൽ അർത്ഥമില്ല എന്ന് ഇരുകൂട്ടരും മനസിലാക്കുന്നു. കലഹിക്കുന്ന മല്ലന്മാരാകാതെ ആശ്ലേഷിക്കുന്ന സഹോദരന്മാരാകാനാണ് ഇന്ത്യയും ചൈനയും ആഗ്രഹിക്കുന്നത്.
നേട്ടങ്ങൾ
ഒരു ഔദ്യോഗിക ഉച്ചകോടി അല്ലാതിരുന്നിട്ടും അനവധി നേട്ടങ്ങൾ മഹാബലിപുരം സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യാ - ചൈനാ ബന്ധത്തിലെ ഏറ്രവും പ്രധാന പ്രശ്നങ്ങളിലൊന്നാണ് വ്യാപാര അസന്തുലിതാവസ്ഥ. വ്യാപാരത്തിൽ ഇന്ത്യ നേരിടുന്ന നഷ്ടം നികത്താൻ ആത്മാർത്ഥമായ നടപടികളെടുക്കുമെന്നാണ് ഷീ ജിൻ പിംഗിന്റെ വാഗ്ദാനം. ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താൻ ഒരു ഉന്നതതല സംവിധാനം രൂപീകരിക്കും. ഉത്പാദനരംഗത്ത് പുതിയ പങ്കാളിത്തത്തിന് അവസരങ്ങളുണ്ടാക്കും. മറ്റൊരു പ്രധാന നേട്ടമാണ് പ്രതിരോധരംഗത്ത് സഹകരണത്തിനുള്ള തീരുമാനം. ഇനി മുതൽ ഇരു സൈനിക നേതൃത്വവും തമ്മിൽ തന്ത്രപരമായ വിനിമയത്തിന് പുതിയ സംവിധാനമുണ്ടാകും. പ്രതിരോധമന്ത്രിമാരുടെ സന്ദർശനത്തിനും അവസരമൊരുക്കും. അതിർത്തി തർക്കം പരിഹരിക്കാൻ പ്രതിനിധിതലത്തിലെ ചർച്ചകൾ ഊർജിതമാക്കും. അതിർത്തി തർക്കത്തിന്റെ പേരിൽ സഹകരണത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനാണിത്.
ആഗോള തീവ്രവാദത്തെ പൊതു വെല്ലുവിളിയായിട്ടാണ് സമ്മേളനം വിലയിരുത്തിയത്. ഇരുരാജ്യങ്ങൾക്കും നാശം വിതയ്ക്കുന്ന ഈ ദുർഭൂതത്തെ എന്നെന്നേക്കുമായി കുപ്പിയിൽ അടയ്ക്കുമെന്ന് പ്രതീക്ഷിക്കാം. സാംസ്കാരിക രംഗത്ത് ജനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായിട്ടുണ്ട്. മഹാബലിപുരത്തെ 'കൾച്ചറൽ ഷോ' ഷീ ജിൻ പിംഗിനെ സന്തോഷിപ്പിച്ചു എന്ന കാര്യത്തിൽ സംശയമില്ല. മാനസസരോവർ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാനും തമിഴ്നാടിന് ചൈനയിലെ ഫ്യുജിയാൻ പ്രവിശ്യയുമായി സഹകരണത്തിനുള്ള വാതിൽ തുറന്നതും സാംസ്കാരിക പൈതൃകം ഊട്ടിയുറപ്പിക്കാനാണ്. ടൂറിസത്തിന് ഊന്നൽ നൽകുന്നതും ഇതിനു വേണ്ടിയാണ്. ചുരുക്കത്തിൽ സഹകരണ സാദ്ധ്യതയുള്ള മേഖലയിലെല്ലാം ആഴത്തിലുള്ള സഹകരണത്തിന് വാതിൽ തുറക്കുകയാണിവിടെ.
പ്രശ്നങ്ങൾ പരിഹരിക്കുമോ?
ഉച്ചകോടി വളരെ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇവ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമാണോ എന്ന ചോദ്യം നിലനിൽക്കുന്നു. ഇന്ത്യയും ചൈനയും ഒരു മലനിരയ്ക്ക് വേണ്ടി മത്സരിക്കുന്ന മാർജാരന്മാരാണെന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ ചില കീറാമുട്ടികൾ നിലവിലുണ്ട്. ചൈനാ പാകിസ്ഥാൻ അച്ചുതണ്ട്, കാശ്മീർ വിഷയം, വ്യാപാരത്തിലെ അസന്തുലിതാവസ്ഥ, ലോകരാഷ്ട്രീയത്തിലെ മാറുന്ന ശാക്തിക സമവാക്യങ്ങൾ, വിവിധ ആഗോളവിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ , കഴിഞ്ഞ എഴുപത് വർഷമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന അതിർത്തി തർക്കങ്ങൾ തുടങ്ങിയവയെല്ലാം വളരെ സങ്കീർണ സ്വഭാവമുള്ളവയാണ്. കൂടാതെ മിക്ക കാര്യങ്ങളിലും ഇന്ത്യയെക്കാൾ വളരെ മുൻപിലുള്ള ചൈനയുടെ ഗർവ് ഇന്ത്യ അംഗീകരിക്കണമെന്ന അവരുടെ മനോഭാവം കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ പോന്നതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മഹാബലിപുരം ഉച്ചകോടി സമാധാനത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം ആവോളം നൽകുന്നുണ്ട്.
പിടിതരാതെ കാശ്മീർ
കാശ്മീർ വിഷയം ചർച്ചയ്ക്കെടുത്തില്ല എന്നാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് തവണയാണ് ചൈന കാശ്മീർ നിലപാടിൽ മലക്കം മറിഞ്ഞത്. ഉഭയകക്ഷി പ്രശ്നമാണെന്ന് ആദ്യം പറഞ്ഞ ചൈന പാക് പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശന വേളയിൽ കാശ്മീരിനെ വീണ്ടും ഐക്യരാഷ്ട്രസഭയുമായി കൂട്ടിക്കെട്ടി. സങ്കീർണ തർക്കവിഷയമായതുകൊണ്ടാണ് കാശ്മീർ കല്ലുകടിയാവേണ്ട എന്ന് വിചാരിച്ച് ചർച്ച ചെയ്യാതിരുന്നത്. ഇത് ഗൗരവമുള്ള പ്രശ്നമാണ്. എന്നാൽ ഇക്കാരണത്താൽ മറ്റ് സാദ്ധ്യതകൾ തടസപ്പെടുത്താനും ഇരുകൂട്ടരും ഇഷ്ടപ്പെടുന്നില്ല.
2017 ലെ ഒന്നാം അനൗദ്യോഗിക ഉച്ചകോടി ദോക്ലാം സൃഷ്ടിച്ച സംഘർഷത്തിന് അയവ് വരുത്താൻ വേണ്ടിയായിരുന്നു. രണ്ടാം സമ്മേളനം കാശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് അരങ്ങേറിയത്. തദവസരത്തിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇരുസമ്മേളനങ്ങളും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നിലവിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വരുത്തി സഹകരണം വർദ്ധിപ്പിക്കാനുള്ള മഹത്തായ അവസരമാണ് മഹാബലിപുരം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |