
പാലാ : ''പാലാ വോയ്സ്''... കേരളത്തിലാദ്യമായി ഒരു ലൈബ്രറിയ്ക്ക് സ്വന്തമായി ഗാനമേള ട്രൂപ്പ്. അഭിമാന സംഗീതവുമായി രംഗത്തെത്തുന്നത് പിഴക് ജയ്‌ഹിന്ദ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം. പാലാ വോയ്സ് എന്ന പേരിൽ ഗാനമേള ട്രൂപ്പും മ്യൂസിക് ക്ലബിനുമാണ് തുടക്കമിടുന്നത്. ലൈബ്രറി അംഗങ്ങൾക്കും കുട്ടികൾക്കുമായി സംഗീത പഠനക്ലാസ് എന്ന ചിന്തയിൽ നിന്നാണ് ഗാനമേള ട്രൂപ്പ് എന്ന ആശയത്തിലേക്ക് എത്തുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സംഗീതോപകരണങ്ങൾ വാങ്ങി. എല്ലാ മാസവും മൂന്നാം ഞായറാഴ്ചകളിൽ വൈകിട്ട് 5 ന് പാടാൻ ആഗ്രഹമുള്ളവർക്ക് ലൈബ്രറിയിൽ ഒത്തുകൂടാം. ഇഷ്ടമുള്ള പാട്ടുകൾ പാടാം. മികച്ച ഗായകരെ തിരഞ്ഞെടുത്ത് മറ്റ് വേദികളിൽ ഗാനമേള അവതരിപ്പിക്കുമെന്ന് ലൈബ്രറി പ്രസിഡന്റ് ഷിലു കൊടൂർ പറഞ്ഞു.
തുടക്കം ജിൻസിന്റെ പാട്ടോടെ
ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനം പാട്ടുപാടി ചലച്ചിത്ര പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് നിർവഹിച്ചു. മ്യൂസിക് ക്ലബിന്റെ ഉദ്ഘാടനം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.സിന്ധു മോൾ ജേക്കബ് നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി ജിനു ജോസഫ്, കടനാട് പഞ്ചായത്ത് മെമ്പർമാരായ റിജോ ജോസഫ്, കെ.എ സെബാസ്റ്റ്യൻ, ജിജി തമ്പി, പാലാ വോയ്സ് പ്രോഗ്രാം ഡയറക്ടർ ബേബി മൈക്കിൾ, ബിനോയ് കോലത്ത്, ലൈബ്രേറിയൻ വി.ഡി. ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |