
കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകൾ ഏറ്റെടുത്ത് മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് കോൺഗ്രസ്. രണ്ട് മണ്ഡലങ്ങളും പ്രതീക്ഷിച്ച് ഇരുപാർട്ടികളിലും സ്ഥാനാർത്ഥി മോഹികളും രംഗത്തെത്തി. ഇതോടെ തർക്കം സമൂഹമാദ്ധ്യമങ്ങളിലേയ്ക്കും എത്തി.
കേരള കോൺഗ്രസിന് കാര്യമായ ശക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസിന് പ്രേരണ. പകരം കഴിഞ്ഞ തവണ കോൺഗ്രസ് പരാജയപ്പെട്ട കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളുമായി വച്ചുമാറാനുള്ള താത്പര്യവുമുണ്ട്. എന്നാൽ കോട്ടയം പാർലമെന്റ് സീറ്റ് കൊടുത്ത പശ്ചാത്തലത്തിൽ കടുത്തുരുത്തി ഒഴികെ മറ്റൊരു സീറ്റും കൊടുക്കേണ്ടെന്ന നിലപാടുള്ളവരുമുണ്ട്. കേരള കോൺഗ്രസിനെ ഒതുക്കിയാൽ മത്സരിക്കാൻ കഴിയുമെന്ന സന്തോഷത്തിൽ കുപ്പായം തയ്‌പ്പിച്ചിരിക്കുന്ന കോൺഗ്രസ് നേതാക്കളും നിരവധിയാണ്.
ഡി.സി.സി പ്രസിഡന്റിന്റെ കണ്ണ് ഏറ്റുമാനൂരിൽ
ഏറ്റുമാനൂർ ഏറ്റെടുക്കണമെന്ന മുഖ്യആവശ്യക്കാരൻ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷാണ്. സി.പി.എമ്മിൽ നിന്ന് മന്ത്രി വി.എൻ.വാസവൻ വീണ്ടും ജനവിധി തേടിയേക്കുമെന്നതിനാൽ നാട്ടകം നിന്നാൽ പച്ചതൊടില്ലെന്ന അഭിപ്രായമുള്ളവരുമുണ്ട്. മണ്ഡലത്തിൽ തന്നെയുള്ള ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാറിന്റെ പേരാണ് പ്രാദേശിക നേതൃത്വം ഉയർത്തുന്നത്. മുൻപ് കുമരകം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ച് നിസാര വോട്ടുകൾക്കാണ് തോറ്റത്. ഇതിന് പുറമേ മണ്ഡലത്തിലെ വ്യക്തിബന്ധവും അനുകൂലഘടകമായി ഉയർത്തുന്നു. കുമരകം ഡിവിഷനിൽ നിന്ന് മത്സരിച്ച് ജയിച്ച പി.കെ.വൈശാഖിന്റെ പേരും ഉയരുന്നുണ്ട്. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ അടക്കം അരഡസൻ പേരുകളാണ് കേരള കോൺഗ്രസിന്റെ മുന്നിൽ. അതിരമ്പുഴ ഡിവിഷനിലെ കേരളാകോൺഗ്രസിന്റെ പരാജയം ഇരുപാർട്ടികളുടേയും നേതൃത്വങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്കും കാരണമായിട്ടുണ്ട്.
ചങ്ങനാശേരി ആഗ്രഹിച്ച് മാണിയുടെ മരുമകൻ
കഴിഞ്ഞ തവണ മത്സരിച്ച വി.ജെ.ലാലി മണ്ഡലത്തിൽ സജീവമാണ്. ഇതിന് പുറമേ കെ.എം.മാണിയുടെ മരുമകൻ എം.പി.ജോസഫ് ചങ്ങനാശേരിയിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ജോസി സെബാസ്റ്റ്യൻ , അജീസ് ബെൻമാത്യൂസ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
കാഞ്ഞിരപ്പള്ളിയിൽ നിറഞ്ഞ് യുവ വ്യവസായി
കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ പള്ളിക്കത്തോട്ടിലെ യുവ വ്യവസായി സമൂഹമാദ്ധ്യമങ്ങളിലൂടെ പി.ആർ.വർക്ക് ആരംഭിച്ചിട്ടുണ്ട്. നാട്ടകം സുരേഷ്, അഡ്വ.ടോമി കല്ലാനി എന്നിവരുടെ പേരും ഉയരുന്നുണ്ട്. അതേസമയം സീറ്റ് കേരള കോൺഗ്രസ് ഏറ്റെടുത്താൽ പി.സി.തോമസിനാണ് പ്രഥമ പരിഗണന.
പൂഞ്ഞാറിൽ ആർക്ക് നറുക്ക് വീഴും
കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലീമിന് പൂഞ്ഞാറിൽ നോട്ടമുണ്ട്. ഇവിടെയും ടോമി കല്ലാനി, നാട്ടകം സുരേഷ് എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |