കാസർകോട്: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ 'റേഡിയോ നെല്ലിക്ക' എന്ന പേരിൽ കുട്ടികൾക്കായി ഒരുക്കിയ ഇന്റർനെറ്റ് റേഡിയോയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന റോഡ് ഷോയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രശസ്ത മജീഷ്യനും ബാലാവകാശ കമ്മിഷൻ ബ്രാൻഡ് അംബാസിഡറുമായ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ അദ്ധ്യക്ഷനായി. പുല്ലൂർ പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത, സൗണ്ട് പാർക്ക് അക്കാഡമി സി.ഇ.ഒയും റേഡിയോ നെല്ലിക്കയുടെ അവതാരകനുമായ ബാലകൃഷ്ണൻ പെരിയ, ജവഹർ നവോദയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. കെ. സജീവൻ, വൈസ് പ്രിൻസിപ്പൽ രവി കുമാർ എന്നിവർ സംസാരിച്ചു. ജവഹർ നവോദയ വിദ്യാലയത്തിന്റെ പി.ടി.സി കോഡിനേറ്റർമാരായ ടി.എം സുബ്രഹ്മണ്യൻ, കെ. നാരായണൻ കാവുങ്കൽ, ഐ.പി ശ്രീരാജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം ബി. മോഹൻ കുമാർ സ്വാഗതവും ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി ഐസക് നന്ദിയും പറഞ്ഞു.
കാസർകോട് ജവഹർ നവോദയ വിദ്യാലയത്തിൽ ആരംഭിച്ച റോഡ് ഷോ സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് 30ന് തിരുവനന്തപുരത്ത് സമാപിക്കും.നവോദയ സ്കൂൾ-പെരിയ, ദുർഗ്ഗ എച്ച്.എസ്.എസ്- കാഞ്ഞങ്ങാട്, രാജാസ് എച്ച്.എസ്.എസ്-നീലേശ്വരം, ജി.എച്ച്.എസ്.എസ് കുട്ടമത്ത്-ചെറുവത്തൂർ എന്നിവിടങ്ങളിൽ കാസർകോട് ജില്ലയിൽ പര്യടനം നടത്തും. കണ്ണൂരിൽ ചൊവ്വ എച്ച്.എസ്.എസ്, കടമ്പൂർ എച്ച്.എസ്.എസ്, എ.കെ.ജി എച്ച്.എസ്.എസ്- പിണറായി തുടങ്ങിയ സ്കൂളുകളിലൂടെയാകും റോഡ്ഷോ കടന്നുപോവുക. റോഡ് ഷോയുടെ സമാപന ദിവസമായ 30ന് ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൻ സൈക്കിൾ റാലി സംഘടിക്കും. തിരുവനന്തപുരം മാനവീയം വീഥിയിൽ നിന്നും വഴുതക്കാട് ഗവൺമെന്റ് കോട്ടൺ ഹിൽ സ്കൂളിൽ റാലി അവസാനിക്കും.
റേഡിയോ നെല്ലിക്ക
ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് റേഡിയോ നെല്ലിക്ക ആരംഭിക്കുന്നത്. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ ലഹരി സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ പ്രവണത, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |