കോഴിക്കോട്: കേരളത്തിൽ എവിടെ അപാകതകളുണ്ടായാലും കോഴിക്കോട് കൈയിൽ നിന്ന് പോകരുതെന്ന് പിണറായി വിജയൻ. നിലവിൽ കോഴിക്കോട്ടുള്ള സീറ്റുകളെല്ലാം നിലനിർത്തണമെന്നും അതിനായി ഏറ്റവും മികച്ച സ്ഥാനാർത്ഥികളുമായി മുന്നോട്ടുപോകണമെന്നും പിണറായി പറഞ്ഞു. സി.പി.എം. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട്ട് വിളിച്ചു ചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശങ്ങൾ. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിറ്റി മണ്ഡലം സെക്രട്ടറിമാർ എന്നിവരായിരുന്നു യോഗത്തിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിലെ തീരുമാനങ്ങളും നിർദേശങ്ങളും യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ 13 നിയമസഭാ മണ്ഡലങ്ങളിൽ നിലവിൽ 11മണ്ഡലങ്ങളും എൽ.ഡി.എഫ് പക്ഷത്താണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ 10 മണ്ഡലങ്ങളിൽ യു.ഡി.എഫ് മേൽക്കൈ നേടിയതാണ് സി.പി.എം കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നത്. ഇവിടങ്ങളിൽ കൃത്യമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തണമെന്ന് യോഗം നിർദേശിച്ചു.
ഇതിന് പുറമേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നഷ്ടമായ വടകര, കൊടുവള്ളി സീറ്റുകൾ കൂടി നേടി 13 സീറ്റും ജില്ലയിൽ ഉറപ്പാക്കുന്ന പ്രവർത്തനം നടത്തണമെന്നുമുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ മുതിർന്ന നേതാക്കൾ മുന്നോട്ടുവച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പ്രകടന പത്രികയിൽ നടപ്പാക്കിയ വിഷയങ്ങളും പരമാവധി വോട്ടർമാർക്കിടയിലെത്തിച്ചുള്ള പ്രചാരണം നടത്തണം. എൽ.ഡി.എഫിലെ സീറ്റ് വിഭജനത്തിന് മുന്നോടിയായി 13 നിയമസഭാ മണ്ഡലങ്ങളിലും സി.പി.എം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിമാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും നിയോഗിച്ച സെക്രട്ടറിമാർ അതത് മേഖലയിൽ നടപ്പാക്കിയ വികസനങ്ങളിലൂന്നിയുള്ള പ്രചാരണത്തിന് മുൻതൂക്കം നൽകണം. തിരുവനന്തപുരം കഴിഞ്ഞാൽ കോഴിക്കോടാണ് ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ എൽ.ഡി.എഫിനുള്ളത്. അതൊന്നും നഷ്ടപ്പെടാതെ നോക്കാൻ പരമാവധി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |