കോഴിക്കോട്: തദ്ദേശതിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലുണ്ടായ വലിയ മുന്നേറ്റമാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ജില്ലയിൽ ബി.ജെ.പിയുടെ ഊർജം. കോർപ്പറേഷനിൽ എഴു സീറ്റിൽ നിന്നും 13ലേക്ക് ബി.ജെ.പി കുതിച്ചത് ഇടത് - വലത് മുന്നണികളെ ഞെട്ടിച്ചിരുന്നു. എന്നാൽ തദ്ദേശത്തിൽ ബി.ജെ.പി ഏറ്റവും മുന്നേറ്റമുണ്ടാക്കിയ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ പോലും കണക്കിൽ മൂന്നാം സ്ഥാനത്താണെന്നത് കാര്യങ്ങൾ എളുപ്പമല്ലെന്നതിന്റെയും സൂചനയാണ്. സംസ്ഥാന നേതൃത്വത്തിന്റെ ഒന്ന്, രണ്ട് ലിസ്റ്റുകളിൽ ഉൾപ്പെട്ട രണ്ട് മണ്ഡലങ്ങളാണ് കോഴിക്കോട് ജില്ലയിലുള്ളത്. നോർത്തും സൗത്തുമാണ് പാർട്ടി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങൾ. കോഴിക്കോട് നഗരത്തിനോട് ചേർന്ന് കിടക്കുന്ന എലത്തൂരിലും കുന്ദമംഗലത്തും ബേപ്പൂരിലും എൻ.ഡി.എയ്ക്ക് ശക്തമായ അടിത്തറയുണ്ട്. ഈ അഞ്ച് നഗരമണ്ഡലങ്ങൾ കേന്ദ്രീകരിച്ചാവും ജില്ലയിലെ ബി.ജെ.പിയുടെ ശക്തമായ പ്രചരണമെന്നുറപ്പാണ്. നോർത്തിൽ സംസ്ഥാന നേതാക്കളെ ഇറക്കി അട്ടിമറിയുണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. തിരുവമ്പാടിയിൽ ഇത്തവണ ബി.ഡി.ജെ.എസ് മത്സരിച്ചേക്കും.
നോർത്തിൽ പി.ടി ഉഷ വരുമോ?
പയ്യോളി എക്സ്പ്രസ് പി.ടി ഉഷയെ നോർത്തിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ബി.ജെ.പിയിൽ ശക്തമാണ്. നിലവിൽ രാജ്യസഭയിൽ നോമിനേറ്റഡ് എം.പിയായ ഉഷ മത്സരിക്കാനിറങ്ങിയാൽ അത് മദ്ധ്യവർഗ വോട്ടുകളെ സ്വാധീനിക്കുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തിനുമറിയാം. പാർട്ടിക്ക് പുറത്തുള്ള ജനവിഭാഗങ്ങളുടെ പിന്തുണ പി.ടി ഉഷയ്ക്ക് ആർജ്ജിക്കാനാവുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഉഷ വന്നില്ലെങ്കിൽ സിറ്റി ജില്ലാ പ്രസിഡൻറ് കെ.പി പ്രകാശ് ബാബുവിനാണ് കൂടുതൽ സാദ്ധ്യത. മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യഹരിദാസിൻറെയും മുൻ ജില്ലാ പ്രസിഡൻറ് വി.കെ സജീവൻറെയും പേരുകൾ പട്ടികയിലുണ്ട്. സൗത്തിൽ ജില്ലാ ജനറൽസെക്രട്ടറി ടി.വി ഉണ്ണികൃഷ്ണൻറെയും പൊറ്റമ്മൽ കൗൺസിലർ ടി.രനീഷിൻറെയും പേരുകൾ സാദ്ധ്യതയിലുണ്ട്. ജില്ലയിലെ മുതിർന്ന സംസ്ഥാന നേതാവിന് രനീഷിൻറെ പേരിനോടാണ് താത്പര്യം. എലത്തൂരിൽ മുതിർന്ന നേതാവ് പി.രഘുനാഥിൻറെയും റൂറൽ ജില്ലാ പ്രസിഡൻറ് ടി.ദേവദാസിൻറെയും പേരുകളാണുള്ളത്. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻറ് സി.ആർ പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടിയിലാവും ജനവിധി തേടുക. മുതിർന്ന നേതാവ് കെ.പി ശ്രീശനെ ബേപ്പൂരിലാവും പരിഗണിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |