
തൃശൂർ: കലയുടെ വിസ്മയച്ചെപ്പ് തുറക്കാൻ ഇനി രണ്ടുനാൾ മാത്രം. മേടമാസത്തിലെ പൂരം നാളിൽ പുരുഷാരം നിറയുന്ന പൂരം പോലെ കലയുടെ നവ്യാനുഭവം നുകരാൻ പതിനായിരങ്ങളെത്തും. ആദ്യദിനം മുതൽ നൃത്ത ഇനങ്ങൾ തുടങ്ങും. ഉദ്ഘാടനത്തിനുശേഷം തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയിൽ മോഹിനിയാട്ടത്തോടെ വേദി ഉണരും. തേക്കിൻകാടിലെ മറ്റൊരു വേദിയിൽ ഭരതനാട്യവും തിരവാതിരക്കളിയും അരങ്ങേറും. മിമിക്രി, ലളിതഗാനം, അറബനമുട്ട്, കേരളനടനം, തായമ്പക, മാർഗംകളി എന്നിവ ആദ്യദിനത്തെ സമ്പന്നമാക്കും.
ഹലോ...ഹലോ...മൈക്ക് ടെസ്റ്റിംഗ്
മൈക്ക് ചതിച്ചാൽ കുളമായി... ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി. 25 വേദികളിലും 20 താമസസ്ഥലങ്ങളിലും ഭക്ഷണശാലകളിലും വിവിധ കമ്മിറ്റികളുടെ ഓഫീസുകളിലും ഘോഷയാത്രകളിലും ശബ്ദ, വെളിച്ച സംവിധാനം ഏർപ്പെടുത്താനുള്ള നടപടികളായി. ഇതിനായുള്ള വൈദ്യുതി ജനറേറ്റർ ഉപയോഗിച്ച് ലഭ്യമാക്കും.
ദേശീയ അദ്ധ്യാപക പരിഷത്താണ് ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി. അംഗീകൃത സൗണ്ട് എൻജിനീയർമാർ പരിശോധിച്ച് ശബ്ദസംവിധാനം പര്യാപ്തമാണെന്ന് ഉറപ്പ് വരുത്തും.
12ന് വെെകിട്ടോടെ എല്ലാ സംവിധാനവും പൂർണമാവും. 13ന് വൈകിട്ട് ആറിന് സ്വിച്ച്ഓൺ കർമ്മം നടക്കുമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി കൺവീനർ കെ.സ്മിത അറിയിച്ചു.
കലവറയ്ക്ക് നാളെ മുതൽ വിശ്രമമില്ല
കലാമേളയ്ക്ക് എത്തുന്നവർക്ക് രാത്രിഭക്ഷണം നൽകുന്നതോടെ നാളെ മുതൽ 18 രാത്രി വരെ കലവറയ്ക്ക് വിശ്രമമില്ല. നാളെ വൈകിട്ട് മൂന്നിന് പാലുകാച്ചൽ നടക്കും. ഭക്ഷണശാലയിൽ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് സ്ഥലം സന്ദർശിച്ചശേഷം മന്ത്രി കെ.രാജൻ പറഞ്ഞു.
സ്വർണക്കപ്പ് ഇന്നെത്തും
വിവിധ ജില്ലകളിലെ സ്വീകരണത്തിനുശേഷം സ്വർണക്കപ്പ് ഇന്ന് ജില്ലയിലെത്തും. രാവിലെ ഒമ്പതിന് ചാലക്കുടിയിലാണ് ആദ്യസ്വീകരണം. തുടർന്ന് കൊടുങ്ങല്ലൂർ, കയ്പമംഗലം, നാട്ടിക, മണലൂർ, ഗുരുവായൂർ, കുന്നംകുളം, ചേലക്കര എന്നീ മണ്ഡലങ്ങളിൽ സ്വീകരണം നൽകും. നാളെ രാവിലെ വടക്കാഞ്ചേരിയിൽ നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് സി.എം.എസ് സ്‌കൂളിൽ എത്തിച്ചേരും. തുടർന്ന് ഘോഷയാത്രയായി വേദിയിൽ എത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |