കൊച്ചി: രാത്രികാല ട്രെയിനുകൾ കേന്ദ്രീകരിച്ചു യാത്രക്കാരുടെ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും കവരുന്ന നാല് മോഷ്ടാക്കളെ എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം കുന്നത്തുനാട് കണിനാട് ചെറുവള്ളിൽ വീട്ടിൽ രാജശേഖരൻ (55 ), കലൂർ പാവത്തിപ്പറമ്പിൽ കുറുവന്ത്ര വീട്ടിൽ മാർട്ടിൻ (56), പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ നൂർ അലി (24), നൂർ ഇസ്ലാം ഷെയ്ക്ക് ( 25) എന്നിവരെയാണ് റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ് , സി.ഐ കെ. ബാലൻ
എസ്.ഐ ഇ.കെ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതികളിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കണ്ടെടുത്തു.
ഗുരുവായൂർ- ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്തിരുന്ന കൊല്ലം പെരുമ്പുഴ സ്വദേശി രാഹുലിന്റെ ഒരു ലക്ഷം രൂപ വില വരുന്ന ലാപ്‌ടോപ് 10ന് പുലർച്ചെ കവർന്ന കേസിലാണ് രാജശേഖരനും മാർട്ടിനും പിടിയിലായത്. ചാലക്കുടിയിൽ നിന്ന് കൊല്ലത്തേക്ക് പോയ രാഹുൽ മുന്നിലെ ജനറൽ കോച്ചിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മോഷണം.
വിവേക് എക്സ്‌പ്രസ് ട്രെയിനിലെ എയർകണ്ടീഷൻ കോച്ചിലെ യാത്രക്കാരൻ തിരുവനന്തപുരം മണക്കാട് സ്വദേശി ശ്രീറാമിന്റെ 18,999 രൂപ വിലയുള്ള മൊബൈൽ ഫോണും മലബാർ എക്സ്‌പ്രസിലെ യാത്രക്കാരന്റെ മൊബൈൽ ഫോണും കവർന്ന കേസിലാണ് നൂർ അലിയും നൂർ ഇസ്ലാം ഷെയ്ക്കും അറസ്റ്റിലായത്. ഇരുവരും കാരക്കൽ എക്സ്‌പ്രസിൽ മോഷണത്തിന് കയറുമ്പോഴാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. എ. എസ്. ഐ അജി, പൊലീസ് ഉദ്യോഗസ്ഥരായ കെ.വി. ഡിനിൽ , ആർ. ഷഹേഷ്, കെ.വി. നിധിൻ, മുഹമ്മദ് റിസ്വാൻ , ബി.എൽ. ഷമീർ, പി.ജെ.അലക്‌സ് , അഖിൽ തോമസ്, അജിത് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |