തിരുവല്ല: പീഡനക്കേസിൽ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഇന്നലെ തിരുവല്ലയിലെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ ഉയർന്നത് കടുത്ത പ്രതിഷേധം. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്ക് നടുവിലൂടെ രാഹുലിനെ കോടതിയിലെത്തിക്കാൻ പൊലീസിന് നന്നേ പാടുപെടേണ്ടിവന്നു. റവന്യു ടവർ പരിസരത്ത് രാവിലെ മുതൽ രാഹുലിനെതിരെ പ്രതിഷേധിക്കാൻ പ്രവർത്തകർ തമ്പടിച്ചിരുന്നു.
രാവിലെ 10.45
കോടതിൽ കൊണ്ടുവരുന്നത് പ്രതീക്ഷിച്ചിരിക്കുമ്പോൾ രാവിലെ 10.45ന് രാഹുലിനെ വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിവരം അറിഞ്ഞ് പ്രവർത്തകർ അവിടേയ്ക്കെത്തി എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർത്തി.
'സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ആക്രമണം അതിപ്പോ ഏത് വമ്പനും കൊമ്പനുമായാലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല" എന്ന മുഖ്യമന്ത്രിയുടെ വാക്കുകളും അതിജീവിതയ്ക്ക് പിന്തുണയേകിയ കപ്പ് പിടിച്ചുള്ള ചിത്രവും ആലേഖനം ചെയ്ത ഫ്ലക്സ് ഉയർത്തിയാണ് വിദ്യാർത്ഥിനികളടക്കം എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. പിന്നീട് ആശുപത്രി ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെ തള്ളിമാറ്റിയാണ് പൊലീസ് വാഹനം കോടതിയിലെത്തിയത്.
11.05
നൂറിലധികം പൊലീസുകരാണ് കോടതിയിൽ സുരക്ഷയ്ക്കായി എത്തിയത്. എന്നിട്ടും രാഹുലിന് നേരെ ചീമുട്ടയെറിഞ്ഞും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ വാഹനത്തിന് പിന്നാലെയോടി. നമ്പർ വൺ സ്ത്രീപീഡകന് നൽകാനുള്ള ട്രോഫിയുമായാണ് യുവമോർച്ച പ്രവർത്തകരെത്തിയത്. ഹു കെയേഴ്‌സ് എന്നെഴുതിയ കോഴിയുടെ ചിത്രങ്ങൾ ഉയർത്തി സ്ത്രീകൾ ഉൾപ്പടെയുള്ളവർ പ്രതിഷേധിച്ചു. റവന്യു ടവറിലെ മൂന്നാം നിലയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
12.15
12.15നാണ് കോടതി രാഹുലിന്റെ കേസ് പരിഗണിച്ചത്. ജാമ്യം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിടാനാണ് കോടതി ഉത്തരവായത്.
1.30
നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 1.30 ഓടെയാണ് രാഹുലിനെ കോടതിക്ക് പുറത്തെത്തിച്ചത്. തുടർന്ന് വീണ്ടും താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം കനത്ത പൊലീസ് സുരക്ഷയിൽ പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.
റവന്യു ടവറിലും പരിസരത്തുമെല്ലാം നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.അമൽ, ഏരിയാ പ്രസിഡന്റ് മുഹമ്മദ് അസ്ലാം, സെക്രട്ടറി പി.എസ്.അഭിജിത്ത്, ജില്ലാ കമ്മിറ്റിഅംഗം ശ്രീലക്ഷ്മി ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
കൂസലില്ലാതെ ചിരിയോടെ രാഹുൽ
നിരവധി സ്ത്രീ പീഡനക്കേസുകളിൽ പ്രതിയാണെന്ന കൂസലില്ലാതെയായിരുന്നു രാഹുലിന്റെ വരവും പോക്കും
പൂക്കളുള്ള ഷർട്ട് ധരിച്ച് പുഞ്ചിരിച്ച മുഖവുമായി കോടതി പരിസരത്ത് കണ്ടു നിന്നവരെയെല്ലാം കൈകാണിച്ച് തലയുയർത്തിയാണ് പോയത്
പ്രതിഷേധക്കാർ രാഹുലിന് നേരെ എറിഞ്ഞ ചീമുട്ടകൾ പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകർക്കുമാണ് കിട്ടിയത്
പൊലീസുകാർ ഷീൽഡ് കൊണ്ട് മറച്ചാണ് പ്രതിഷേധക്കാർക്ക് ഇടയിലൂടെ രാഹുലിനെ വാഹനത്തിലേക്ക് കയറ്റിയത്
രാഹുലിനെ കയറ്റിയ പൊലീസിന്റെ ബസിന് നേരെയും ചീമ്മുട്ടയെറിഞ്ഞു
ബസ് പത്തനംതിട്ടയ്ക്ക് പോയശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്
തിരുവല്ല -കായംകുളം റോഡിൽ ഗതാഗതക്കുരുക്കും സൃഷ്ടിച്ചു
സാമ്പത്തിക തട്ടിപ്പ് കേസിൽ സരിത.എസ്.നായരെ കൊണ്ടുവന്നപ്പോഴാണ് ഇതിന് മുമ്പ് ഇത്രയേറെ ആളുകൾ റവന്യു ടവറിൽ ഒത്തുകൂടിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |