കേവല ഭൂരിപക്ഷം തികയ്ക്കാമെന്ന ബി.ജെ.പി സ്വപ്നവും പൊലിഞ്ഞു
തിരുവനന്തപുരം: കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത് യു.ഡി.എഫ്. കോൺഗ്രസ് സ്ഥാനാർത്ഥി കെ.എച്ച്.സുധീർഖാൻ 83 വോട്ടിനാണ് വിജയിച്ചത്. യു.ഡി.എഫിന് ആകെ 2902 വോട്ടുകളാണ് ലഭിച്ചത്.എൽ.ഡി.എഫ് സ്ഥാനാർത്ഥി നൗഷാദ്.എൻ 2819 വോട്ടുകൾ നേടി രണ്ടാമതും,ബി.ജെ.പി സ്ഥാനാർത്ഥി സർവശക്തിപുരം ബിനു 2437 വോട്ടുകളുമായി മൂന്നാം സ്ഥാനത്തുമെത്തി.
സ്വതന്ത്ര സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചതോടെയാണ് വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് പ്രത്യേകമായി നടത്തിയത്.
ഇതോടെ കോർപറേഷനിൽ യു.ഡി.എഫിന്റെ സീറ്റ് കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയായി ഉയർന്നപ്പോൾ വിഴിഞ്ഞം പിടിച്ച് കോർപ്പറേഷനിൽ കേവലഭൂരിപക്ഷം തികയ്ക്കാമെന്ന ബി.ജെ.പി സ്വപ്നം പൊലിഞ്ഞു.എൽ.ഡി.എഫിന് സിറ്റിംഗ് നഷ്ടമായത് തീരദേശമേഖല പൂർണമായി ഇടതുപക്ഷത്തെ കൈവിട്ടുവെന്ന അഭിപ്രായങ്ങൾ ശരിവയ്ക്കുന്നതായി.
2015ൽ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് വാർഡ് പിടിച്ചെടുക്കുകയായിരുന്നു. 2015ലും 2020ലും യു.ഡി.എഫിന് വിഴിഞ്ഞം നഷ്ടമായിരുന്നു.
ഇക്കുറി വിമതന്മാർ ഇടത് വലത് മുന്നണികൾക്ക് ഭീഷണിയായി മത്സരിച്ചിരുന്നു. ഇടത് വിമതനായി മത്സരിച്ച മുൻ കൗൺസിലർ എൻ.എ.റഷീദ് 118 വോട്ട് പിടിച്ചത് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായി. യു.ഡി.എഫ് വിമതനായ മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഹിസാൻ ഹുസൈൻ നേടിയ 494 വോട്ടുകൾ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറച്ചു.
101 വാർഡുള്ള കോർപ്പറേഷനിൽ നേരത്തെ 100 വാർഡിലെ ഫലം വന്നപ്പോൾ ബി.ജെ.പിക്ക് 50 സീറ്റായിരുന്നു. കണ്ണമ്മൂലയിലെ സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് 51 എന്ന കേവലഭൂരിപക്ഷം ഉറപ്പിച്ചത്. വിഴിഞ്ഞം ജയിച്ചിരുന്നെങ്കിൽ സ്വന്തം നിലയിൽ ഭൂരിപക്ഷം ഉറപ്പിക്കാമായിരുന്നു. വിഴിഞ്ഞത്തെ ജയത്തോടെ യു.ഡി.എഫ് സീറ്റ് 20 ആയി. എൽ.ഡി.എഫ് 29.
ആകെ പോളിംഗ് 66.9 %
ആകെ വോട്ടർമാർ 13,305
പോൾ ചെയ്ത വോട്ടുകൾ 8,912
പുരുഷൻമാർ 4,312
സ്ത്രീകൾ 4,599
ട്രാൻസ്‌ജെൻഡർ 1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |