
തുറവൂർ : ജില്ലയിൽ എരണ്ടകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതായി നീർപക്ഷികളുടെ വാർഷിക കണക്കെടുപ്പ് റിപ്പോർട്ട്. 5,000 വരിഎരണ്ടകളെയും 2,518 വാലൻ എരണ്ടകളെയുമാണ് ഇത്തവണ കണ്ടെത്തിയത്. 2025ൽ നടന്ന കണക്കെടുപ്പിൽ ഇവയിൽ ഒന്നിനെപ്പോലും കണ്ടെത്തിയിരുന്നില്ല. കൂടാതെ
4,327ചൂളൻ എരണ്ടകളെയും 1,232 പച്ച എരണ്ടകളെയും 1,087 നീലക്കോഴികളെയും കണ്ടെത്തി. കാക്ക മീൻകൊത്തിയുടെ എണ്ണം ഓരോ വർഷം ചെല്ലുന്തോറും കുറഞ്ഞുവരുന്നതായാണ് കണക്കുകൾ. നിലവിൽ കേവലം 13എണ്ണത്തെ മാത്രമാണ് കണ്ടെത്താനായത്.
കഴിഞ്ഞ വർഷം 27എണ്ണത്തെ കണ്ടെത്തിയിരുന്നു. 115ഇനങ്ങളിലായി ആകെ 36,051പക്ഷികളെ എണ്ണിത്തിട്ടപ്പെടുത്തി. വനം വന്യജീവി വകുപ്പും ആലപ്പുഴ സോഷ്യൽ ഫോറസ്ട്രിയും ജില്ലയിലെ പക്ഷി നീരിക്ഷകരുടെ കൂട്ടായ്മയായ ബേർഡേഴ്സ് എഴുപുന്നയും സംയുക്തമായാണ് . ആലപ്പുഴ ടൗൺ മുതൽ അരൂർ വരെയുള്ള തെരത്തെടുക്കപ്പെട്ട 12 തണ്ണീർതടങ്ങളിൽ കണക്കെടുപ്പ് സംഘടിപ്പിച്ചത്.
ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് പള്ളാത്തുരുത്തി വാർഡിൽ ഫ്ലാഗ് ഓഫ് ചെയ്തു. അസി.ഫോറസ്റ്റ് കൺസർവേറ്റർ
സുമി ജോസഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.എസ്. സേവ്യർ, പക്ഷി നിരീക്ഷകരായ സിജി എസ്. കുര്യാക്കോസ്, സുധീഷ് മോഹൻ, റ്ടി.ആർ.രാജേന്ദ്രൻ, എസ്. അരുൺ ലാൽ, അഖിൽ അശോക് എന്നിവർ വിവിധ മേഖലകളിൽ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |