ആലപ്പുഴ: ഭിന്നശേഷി കുഞ്ഞുങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കോഴിക്കോട് മോഡൽ സ്പെഷ്യൽ അങ്കണവാടികൾ കൊല്ലം, തൃശൂർ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതി. ജില്ലകളിൽ 15വീതം പുതിയ സ്പെഷ്യൽ അങ്കണവാടികൾ ആരംഭിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തെ 142അങ്കണവാടികൾ ഭിന്നശേഷി കുഞ്ഞുങ്ങൾക്കു കൂടി പ്രയോജനപ്പെടുന്ന രീതിയിൽ സ്പെഷൽ അങ്കണവാടികളാക്കാനുള്ള വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതിയുടെ ഭാഗമാണിത്. ബഡ്സ് സ്കൂളുകളില്ലാത്ത പഞ്ചായത്തുകൾക്കാകും മുൻഗണന. ഓരോ ജില്ലയിലും 10അങ്കണവാടികളെങ്കിലും തിരഞ്ഞെടുത്തു പട്ടിക സമർപ്പിക്കാനാണ് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർമാർക്കുള്ള നിർദ്ദേശം. ഓട്ടിസം,സെറിബ്രൽ പാൾസി,മൾട്ടിപ്പിൾ ഡിസോർഡർ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കായാണ് പദ്ധതി. കൊല്ലം, തൃശൂരിലെ 5 ഐ.സി.ഡി.എസ് പ്രോജക്ടുകളിൽ ഓരോന്നിലും 3വീതം അങ്കണവാടികളെയാണ് സ്പെഷ്യൽ അങ്കണവാടികളാക്കുന്നത്.
എഡ്യുക്കേറ്ററെ തദ്ദേശസ്ഥാപനങ്ങൾ നിയമിക്കണം
സ്പെഷൽ എഡ്യുക്കേറ്ററെ അതാതു തദ്ദേശ സ്ഥാപനങ്ങൾ നിയോഗിക്കണം. ഓണറേറിയവും ചുമതലയാകും.
ഓരോ അങ്കണവാടിക്കും പ്രത്യേക സൗകര്യങ്ങളൊരുക്കാൻ 2ലക്ഷം
സ്വന്തമായി 3സെന്റ് സ്ഥലം എങ്കിലുമുള്ള, കെട്ടിടവും ചുറ്റുമതിലുമുള്ള അങ്കണവാടികളെയായിരിക്കണം
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് എത്തിച്ചേരാനുള്ള സൗകര്യം വേണം
കോഴിക്കോട് 75 സ്പെഷ്യൽ അങ്കണവാടികൾ
കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ അധികമുള്ള പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് 75സ്പെഷ്യൽ അങ്കണവാടികൾക്ക് തുടക്കം കുറിച്ചത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും പദ്ധതി പ്രയോജനമായതിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്.
കൊല്ലം,തൃശൂർ ജില്ലകളിൽ സ്പെഷ്യൽ അങ്കണവാടികൾ തിരഞ്ഞെടുക്കുന്നതിനുളള നടപടികൾ ആരംഭിച്ചു. എത്രയും വേഗം പദ്ധതി നടപ്പാക്കും. -ഡയറക്ട്രേറ്റ്,സാമൂഹ്യസുരക്ഷാ മിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |