
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വൻവിജയം ആത്മവിശ്വാസമാക്കി മലപ്പുറത്തെ 16 മണ്ഡലങ്ങളിൽ പൊന്നാനി ഒഴികെ 15 ഇടത്തും വിജയം സുനിശ്ചിതമെന്ന കണക്കുകൂട്ടലിൽ യു.ഡി.എഫ്. ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ കൈവിട്ടെങ്കിലും മറ്റ് മൂന്ന് സിറ്റിംഗ് സീറ്റുകൾ നിലനിറുത്തുന്നതിനൊപ്പം ലീഗ് കോട്ടയിലേക്ക് ഇടിച്ചുകയറാൻ എൽ.ഡി.എഫ്. ശക്തരായ സ്ഥാനാർത്ഥികളെ നിറുത്തി വോട്ട് വിഹിതം കൂട്ടാൻ ബി.ജെ.പി.
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ആറ് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 122 തദ്ദേശസ്ഥാപനങ്ങളിൽ 116 ഇടത്തും വിജയം. ജില്ലാപഞ്ചായത്തിൽ പ്രതിപക്ഷം പോലുമില്ല. 2020ലെ 30 തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അഞ്ചെണ്ണത്തിലേക്ക് ഇടതുപക്ഷം ചുരുങ്ങി.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 11ഇടത്ത് മുസ്ലിംലീഗും ഒരിടത്ത് കോൺഗ്രസും പൊന്നാനി, തവനൂർ, താനൂർ, നിലമ്പൂർ എന്നിവിടങ്ങളിൽ സി.പി.എമ്മുമാണ് വിജയിച്ചത്. പി.വി.അൻവർ രാജിവച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ കോൺഗ്രസ് തിരിച്ചുപിടിച്ചു.
മന്ത്രി വി.അബ്ദുറഹിമാനിലൂടെ താനൂരിൽ തുടർച്ചയായി രണ്ടുതവണ എൽ.ഡി.എഫിനാണ് വിജയം. താനൂർ പിടിച്ചെടുക്കുകയാണ് ലീഗിന്റെ ലക്ഷ്യം. കെ.ടി.ജലീലിന്റെ തവനൂരിൽ യു.ഡി.എഫിലെത്തിയ പി.വി.അൻവറിന് നോട്ടമുണ്ട്. പൊന്നാനി ഉറച്ച ഇടതുകോട്ടയാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് ഷെയറിൽ ഇരുമുന്നണികളും ബലാബലമാണ്.
സ്ഥാനാർത്ഥി നിർണയത്തിന്റെ പ്രാഥമിക ചർച്ചകളിലേക്ക് കോൺഗ്രസും ലീഗും കടന്നു. താഴെത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ് സി.പി.എമ്മും ബി.ജെ.പിയും. മുസ്ലീംലീഗിൽ മൂന്ന് സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റുണ്ടായേക്കില്ല. എം.എസ്.എഫിന് ഒന്നും യൂത്ത് ലീഗിന് മൂന്ന് സീറ്റുവരെയും നൽകിയേക്കും. യഥാക്രമം രണ്ടും അഞ്ചും സീറ്റുകളാണ് ഇരുസംഘടനകളുടെയും ആവശ്യം.
ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, അഡ്വ.നൂർബീന റഷീദ് എന്നിവർക്കാണ് വനിതകളിൽ പ്രാമുഖ്യം. കോൺഗ്രസിൽ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും വണ്ടൂരിൽ എ.പി.അനിൽകുമാറും തുടരും. തവനൂരിൽ യൂത്ത് കോൺഗ്രസിന് നോട്ടമുണ്ട്. പൊന്നാനിയിൽ പി.ടി.അജയ്മോഹൻ, കെ.പി.നൗഷാദലി എന്നിവർ പരിഗണനയിലുണ്ട്.
പൊന്നാനി ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം സി.പി.എം ആവർത്തിച്ചേക്കും. പൊന്നാനി കേന്ദ്രീകരിച്ച് എം.സ്വരാജ് സജീവമാണ്. തവനൂരിൽ കെ.ടി.ജലീൽ മത്സരിച്ചേക്കും. മത്സരിക്കാനില്ലെന്ന് പറയുമ്പോഴും താനൂരിൽ നിന്ന് തിരൂരിലേക്ക് മന്ത്രി വി.അബ്ദുറഹിമാന് നോട്ടമുണ്ട്.
2021ലെ നിയമസഭ തിര. ഫലം
മണ്ഡലം, എം.എൽ.എ, ഭൂരിപക്ഷം
കൊണ്ടോട്ടി.........ടി.വി.ഇബ്രാഹീം, യു.ഡി.എഫ് ...................17,666
മലപ്പുറം................പി.ഉബൈദുള്ള,യു.ഡി.എഫ്......................35,208
നിലമ്പൂർ..............പി.വി.അൻവർ,ഇടതുസ്വത., ......................2,700
വണ്ടൂർ.................എ.പി.അനിൽകുമാർ,യു.ഡി.എഫ്..........15,563
കോട്ടക്കൽ.....ആബിദ് ഹുസൈൻ തങ്ങൾ, യു.ഡി.എഫ്.....16,588
ഏറനാട്.............പി.കെ.ബഷീർ,യു.ഡി.എഫ് .........................22,546
വള്ളിക്കുന്ന്...........അബ്ദുൽഹമീദ്,യു.ഡി.എഫ് .....................14,416
തവനൂർ.............കെ.ടി.ജലീൽ,എൽ.ഡി.എഫ്........................2,564
തിരൂരങ്ങാടി.......കെ.പി.എ.മജീദ്,യു.ഡി.എഫ്.....................9,578
തിരൂർ..................കുറുക്കോളി മൊയ്തീൻ,യു.ഡി.എഫ്.........7,214
പെരിന്തൽമണ്ണ....നജീബ് കാന്തപുരം,യു.ഡി.എഫ്..............38
മഞ്ചേരി...............യു.എ.ലത്തീഫ്,യു.ഡി.എഫ്......................14,573
താനൂർ...............വി.അബ്ദുറഹിമാൻ, ഇടതുസ്വത., ........985
മങ്കട.....................മഞ്ഞളാംകുഴി അലി, യു.ഡി.എഫ്...........6,246
പൊന്നാനി..........പി.നന്ദകുമാർ, എൽ.ഡി.എഫ്.................17,043
വേങ്ങര ................പി.കെ.കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ്...30,596
(നിലമ്പൂർ ഉപതിര.- ആര്യാടൻ ഷൗക്കത്ത്, യു.ഡി.എഫ്....11,077)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |