മലപ്പുറം: മൂല്യനിർണയത്തിനു ശേഷം ഉത്തരക്കടലാസുകൾ സുരക്ഷിതമായി സൂക്ഷിക്കുകയും പുനർമൂല്യനിർണയത്തിനായി അവ എളുപ്പത്തിൽ കണ്ടെത്തുകയും ചെയ്യുന്നതിനായി 20 കോടിയിലധികം രൂപ ചെലവഴിച്ച് യൂണിവേഴ്സിറ്റി സ്ഥാപിച്ച ഓട്ടോമാറ്റിക് സ്റ്റോറേജ് ആൻഡ് റിട്രൈവൽ സിസ്റ്റം പൂർണമായി പണിമുടക്കി. ഇതോടെ പുനർമൂല്യനിർണയ നടപടികൾ പ്രതിസന്ധിയിലായി.
2021ൽ സെന്റർ ഫോർ എക്സാമിനേഷൻ ഓട്ടോമേഷൻ ആൻഡ് മാനേജ്‌മെന്റ് എന്ന പേരിൽ സംവിധാനം ആരംഭിച്ചത്. കോളേജുകളിൽ നിന്ന് വരുന്ന ഉത്തരക്കടലാസുകൾ ശാസ്ത്രീയമായി സൂക്ഷിക്കുകയും പുനർമൂല്യനിർണയ സമയത്ത് ബന്ധപ്പെട്ട പേപ്പറുകൾ അതിവേഗം കണ്ടെത്തുകയുമെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി. എന്നാൽ മഹാരാഷ്ട്ര ആസ്ഥാനമായ ഒരുകമ്പനിയിൽ നിന്ന് വാങ്ങിയ ഉപകരണങ്ങൾ എല്ലാം നിലവിൽ പ്രവർത്തനരഹിതമായ നിലയിലാണ്.
സിസ്റ്റം പണിമുടക്കിയതോടെ കോളേജുകളിൽ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് കൊണ്ടുവരുന്ന ഉത്തരക്കടലാസുകൾ സ്വീകരിക്കാൻ പോലും സാധിക്കില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇതോടെ മൂല്യനിർണയം പൂർത്തിയാക്കിയ ഉത്തരക്കടലാസുകൾ എവിടെ സൂക്ഷിക്കുമെന്നതിലും പുനർമൂല്യനിർണയ അപേക്ഷകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും വ്യക്തതയില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
ഓട്ടോമാറ്റിക് സ്റ്റോറേജ് ആൻഡ് റിട്രൈവൽ സിസ്റ്റം സ്ഥാപിച്ചതിൽ ഗുരുതരമായ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുൻ പരീക്ഷാഭവൻ ഡയറക്ടർ ഡോ. എം.കെ.ജയരാജനെതിരെ സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
നേരത്തെ എതിർപ്പ്
ഓട്ടോമാറ്റിക് സ്റ്റോറേജ് ആൻഡ് റിട്രൈവൽ സിസ്റ്റം ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ യൂണിവേഴ്സിറ്റിയിലെ ഫിനാൻസ് ഓഫീസർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പദ്ധതി സാമ്പത്തികമായും സാങ്കേതികമായും അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
മതിയായ ഫീസിബിലിറ്റി പഠനമോ ദീർഘകാല പരിപാലന പദ്ധതിയോ ഇല്ലാതെയാണ് കോടികൾ ചെലവഴിച്ച പദ്ധതി നടപ്പാക്കിയതെന്ന ആരോപണവും ശക്തമാണ്.
പൂനെ സർവകലാശാലയിൽ പരാജയപ്പെട്ട പദ്ധതിയാണ് കാലിക്കറ്റിൽ നടപ്പാക്കുന്നതെന്നും ആരോപണം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |