
ഹൈദരാബാദ്: മാതാപിതാക്കളെ പരിപാലിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം വെട്ടിക്കുറയ്‌ക്കാനൊരുങ്ങി തെലങ്കാന സർക്കാർ. ഈ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. മക്കൾക്കെതിരെ പ്രായമായ മാതാപിതാക്കൾ നൽകുന്ന പരാതികൾ ഗൗരവമുള്ള വിഷയമായി കണക്കാക്കണമെന്നും ശമ്പളത്തിന്റെ 10 ശതമാനം നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പറഞ്ഞു.
വൈകല്യമുള്ളവർക്ക് റിട്രോഫിറ്റ് ചെയ്ത മോട്ടോറൈസ്ഡ് വാഹനങ്ങൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന മുച്ചക്ക്ര വാഹനങ്ങൾ, ബാറ്ററി വീൽചെയറുകൾ, ലാപ്‌ടോപ്പുകൾ, ശ്രവണസഹായികൾ, മൊബൈൽ ഫോണുകൾ, മറ്റ് നൂതന ഉപകരണങ്ങൾ എന്നിവയുടെ സൗജന്യ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. പുതിയ പദ്ധതിക്കായി സർക്കാർ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കായി 'പ്രാണം' എന്ന ഡേകെയർ സെന്ററുകളും സർക്കാർ സ്ഥാപിക്കുന്നുണ്ട്. 2026-2027 ലെ ബജറ്റ് നിർദ്ദേശങ്ങളിൽ പുതിയ ആരോഗ്യ സംരക്ഷണ നയം അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ എല്ലാവർക്കും മികച്ച ആരോഗ്യ സംരക്ഷണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനാൽ അടുത്ത ബജറ്റിൽ ഒരു പുതിയ ആരോഗ്യ നയം അവതരിപ്പിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും ട്രാൻസ്‌ജെൻഡർ വ്യക്തികളെ കോപ്പറേഷൻ അംഗങ്ങളായി നാമനിർദ്ദേശം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇത് ട്രാൻസ്‌ജെൻഡർമാർക്ക് അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ സഹായിക്കും. വികലാംഗരുടെ ക്ഷേമത്തിനായി സർക്കാർ ഇതിനകം നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. വികലാംഗരുടെ ശാക്തീകരണത്തിനായി വിദ്യാഭ്യാസത്തിലും തൊഴിലിലും പ്രത്യേക ക്വാട്ട അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികലാംഗരായ നവദമ്പതികൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |