
എൻജിനിയറിംഗ്,ആർക്കിടെക്ചർ,മെഡിക്കൽ,ഫാർമസി,മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകൾ എല്ലാ സർക്കാർ/എയ്‌ഡഡ് കോളേജുകളിലുമുണ്ട്. സ്വാശ്രയ/ഓട്ടോണമസ് സ്ഥാപനങ്ങളിലെ സീറ്റുവിവരങ്ങൾ പിന്നീടറിയാം. കാർഷിക,വെറ്ററിനറി,ഫിഷറീസ് സർവകലാശാലകൾക്ക് കീഴിലുള്ള ബി.ടെക്,ആർക്കിടെക്‌ചർ,എം.ബി.ബി.എസ്,ഡെന്റൽ സർജറി,ആയുർവേദം,ഹോമിയോപ്പതി,സിദ്ധ,യുനാനി,അഗ്രികൾചർ,ഫോറസ്‌ട്രി,ഫിഷറീസ്,വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി,ഫാർമസി,കേരള കാർഷിക സർവകലാശാലയിലെ ബി.എസ്‌സി (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/അഗ്രി-ബിസിനസ് മാനേജ്മെന്റ്,ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്,ബി.ടെക് ബയോടെക്നോളജി എന്നിവയാണ് കോഴ്സുകൾ.
എൻജിനിയറിംഗ് പ്രവേശനത്തിന് പ്ലസ്ടുവിൽ മാത്‌സ്,ഫിസിക്‌സ് എന്നിവയ്‌ക്കു പുറമേ കെമിസ്‌ട്രി/കമ്പ്യൂട്ടർ സയൻസ്/ബയോടെക്/ബയോളജി ഇവയൊന്നും ചേർത്ത് 45% മാർക്കു വേണം. എം.ബി.ബി.എസ്,ബി.ഡി.എസ് പ്രവേശനത്തിന് പ്ലസ്ടുവിൽ ബയോളജി,കെമിസ്‌ട്രി,ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കു വേണം. ബയോളജിയില്ലെങ്കിൽ ബയോടെക്‌നോളജി മതി. ആയുർവേദ,ഹോമിയോ പ്രവേശനത്തിന് ഫിസിക്‌സ്,കെമിസ്‌ട്രി,ബയോളജി അഥവാ ബയോടെക്‌നോളജി പഠിച്ചു പ്ലസ്ടു ജയിച്ചവർക്ക് അർഹതയുണ്ട്.
ബയോളജി അഥവാ ബയോടെക്‌നോളജി അഡിഷണലായി പഠിച്ചവരെ ഹോമിയോപ്പതിയിൽ പരിഗണിക്കില്ല. സിദ്ധ പ്രവേശനത്തിന് ഫിസിക്‌സ്,കെമിസ്‌ട്രി,ബയോളജി അഥവാ ബയോടെക്‌നോളജി പഠിച്ച് പ്ലസ്ടു ജയിച്ചവരെ പരിഗണിക്കും. അഗ്രികൾച്ചർ,ഫോറസ്‌ട്രി,ഫിഷറീസ്,കേരള കാർഷിക സർവകലാശാലയിലെ ബി.എസ്‌സി (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/അഗ്രി-ബിസിനസ് മാനേജ്മെന്റ്/ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്,ബി.ടെക് ബയോടെക്നോളജി എന്നിവയ്ക്ക് പ്ലസ്ടുവിൽ ബയോളജി,കെമിസ്‌ട്രി,ഫിസിക്‌സ് വിഷയങ്ങൾക്ക് മൊത്തം 50% എങ്കിലും മാർക്കു വേണം. ക്ലൈമറ്റ് ചേഞ്ചിനു പ്ലസ്ടുവിൽ മാത്‌സും പഠിച്ചിരിക്കണം. വെറ്ററിനറിക്ക് ഇംഗ്ലീഷ്,ബയോളജി,കെമിസ്‌ട്രി,ഫിസിക്‌സ് എന്നിവയ്‌ക്ക് പ്ലസ്ടുവിൽ മൊത്തം 50% മാർക്ക്. മെഡിക്കൽ,അനുബന്ധ,കാർഷിക കോഴ്സുകൾക്കെല്ലാം നീറ്റ് (യു.ജി)-2026 യോഗ്യത നേടിയിരിക്കണം. ആർക്കിടെക്ചറിന് ഫിസിക്സ്,മാത്‌സ് എന്നീ നിർബന്ധ വിഷയങ്ങളും അവയ്ക്കു പുറമേ കെമിസ്ട്രി,ബയോളജി,ടെക്നിക്കൽ വൊക്കേഷനൽ വിഷയം,കമ്പ്യൂട്ടർ സയൻസ്,ഐ.ടി,ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്,എൻജിനിയറിംഗ് ഗ്രാഫിക്സ്,ബിസിനസ് സ്റ്റഡീസ് ഇവയിലൊന്നും ചേർത്ത് മൊത്തം 45% മാർക്കോടെ പ്ലസ്ടു/തുല്യപരീക്ഷ ജയിച്ചിരിക്കണം. എൻട്രൻസ് പരീക്ഷയെഴുതേണ്ട. നാറ്റാ അഭിരുചി പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം.
സംവരണ
സീറ്റുകൾ
സ്റ്റേറ്റ് മെരിറ്റ് 50%,ഇ.ഡബ്ല്യു.എസ് 10%,എസ്.ഇ.ബി.സി 30%: (ഈഴവ 9,മുസ്ലിം 8,മറ്റ് പിന്നാക്ക ഹിന്ദു 3,ലത്തീൻ കത്തോലിക്ക ആൻഡ് ആഗ്ലോ ഇന്ത്യൻ 3,ധീവര,അനുബന്ധ സമുദായങ്ങൾ 2,വിശ്വകർമ,അനുബന്ധ സമുദായങ്ങൾ 2,കുശവ,അനുബന്ധ സമുദായങ്ങൾ 1,പിന്നാക്ക ക്രിസ്ത്യൻ 1,കുടുംബി 1),എസ്.സി 8 %,എസ്.ടി 2 %. സ്വാശ്രയ കോളേജുകളിലെ 15% സീറ്റ് എൻ.ആർ.ഐ വിഭാഗക്കാർക്കായിരിക്കും. ഇതിൽ ഉയർന്ന ഫീസായിരിക്കും. എൻ.ആർ.ഐ ക്വോട്ടയിലേക്ക് പരിഗണിക്കാൻ വിദ്യാർത്ഥിയും എൻ.ആർ.ഐയായ ബന്ധുവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം,സമർപ്പിക്കേണ്ട രേഖകൾ എന്നിവ പ്രോസ്പെക്ടസിലുണ്ട്.
നീറ്റ്, നാറ്റ
യോഗ്യത
മെഡിക്കൽ,ഡെന്റൽ,അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ മേയ് നാലിന് നടത്തുന്ന നീറ്റ്-യു.ജി 2026 എഴുതി യോഗ്യത നേടണം. ഇവർ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതോടൊപ്പം കേരളത്തിലെ പ്രവേശന നടപടികളിൽ പങ്കെടുക്കാൻ എൻട്രൻസ് കമ്മിഷണർക്ക് അപേക്ഷ നൽകണം. നീറ്റ് പരീക്ഷയിലെ സ്കോർ പരിഗണിച്ച് സംസ്ഥാനാടിസ്ഥാനത്തിൽ എൻട്രൻസ് കമ്മിഷണർ തയാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നായിരിക്കും കേരളത്തിലെ മെഡിക്കൽ,ഡെന്റൽ,അനുബന്ധ കോഴ്സുകളിൽ പ്രവേശനം. എൻട്രൻസ് കമ്മിഷണർക്ക് അപേക്ഷ സമർപ്പിച്ചവർക്കേ കേരള റാങ്ക് പട്ടികയിലേക്ക് പരിഗണിക്കൂ. ആർക്കിടെക്ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ആർക്കിടെക്ചർ കൗൺസിൽ നടത്തുന്ന അഭിരുചി പരീക്ഷയായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിൽ (നാറ്റ) യോഗ്യത നേടണം.
(അവസാനിച്ചു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |