നാട്ടിലെ പോത്തിന് വിലയില്ലാതായി, കർഷകർ രംഗം വിടുന്നു
കോലഞ്ചേരി: നാടൻ പോത്തിന്റെ വിലയിൽ വൻഇടിവ്. ഇതോടെ പോത്ത് വളർത്തുന്നവർ പ്രതിസന്ധിയിൽ. അന്യസംസ്ഥാനങ്ങളിൽനിന്ന് പോത്തുകൾ വലിയ തോതിൽ എത്താൻ തുടങ്ങിയതോടെ, വളർച്ചയെത്തിയ നാടൻ പോത്തുകളെ വിൽക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. ഇരുപതിനായിരത്തോളം രൂപ കൊടുത്തുവാങ്ങുന്ന പോത്തിൻകുട്ടികളെ ഒരു വർഷത്തിലേറെ വളർത്തി വലുതാക്കി വിറ്റാൽ കിട്ടുക മുപ്പതിനായിരം രൂപയിൽ താഴെ മാത്രം. കടം വാങ്ങിയും വായ്പയെടുത്തും പോത്ത് വളർത്തലിലേക്ക് ഇറങ്ങിയ കർഷകർ പെട്ടുപോയി. ക്രിസ്മസ് ന്യൂ ഇയർ സീസണിൽ വില്പന നടത്താൻ ശ്രമിക്കുമ്പോഴാണ് തിരിച്ചടിയുണ്ടായത്. കാലിച്ചന്തകൾ നിന്നുപോയതും പ്രതിസന്ധിയായി. പെരുമ്പാവൂരും പുല്ലുവഴിയിലും കൂത്താട്ടുകുളത്തുമാണ് ചന്തയുള്ളത്.
തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കശാപ്പിനായി കൊണ്ടുവരുന്ന മുറ മുറ, ക്രോസ് എന്നീ ഇനത്തിൽപ്പെട്ട കൂറ്റൻ പോത്തുകളാണ് കച്ചവടക്കാർക്ക് പ്രിയം. വലുപ്പം കുറഞ്ഞ നാടൻ പോത്തുകളുടെ ഇറച്ചിക്കുറവും കൂടുതൽ അദ്ധ്വാനവുമാണ് പ്രശ്നം. നാടൻപോത്തുകളെ പാടത്തും പറമ്പിലും അഴിച്ച് വിട്ട് വളർത്തുന്നതുപോലെ മുന്തിയഇനം പോത്തുകളെ വളർത്താനാവില്ല. ഇവയ്ക്ക് കൃത്യമായ പരിചരണവും വേണം.
420 - 440 രൂപയ്ക്ക് മുകളിൽ ഇപ്പോൾ പോത്തിറച്ചിക്ക് വിലയുണ്ട്. നാടൻ പോത്ത് വിപണി സജീവമായില്ലെങ്കിൽ വൈകാതെ 500ൽ എത്തും. ആനുപാതികമായ വില കർഷകർക്ക് നൽകാനും കച്ചവടക്കാർ തയ്യാറല്ല. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വരവ് പോത്തിറച്ചിക്കൊപ്പം കാളയിറച്ചിയും വിൽക്കുന്നവരുണ്ട്. ഇത് വൻ കച്ചവടക്കാർക്ക് വലിയ ലാഭമാണ് നൽകുന്നത്. കയറ്റുമതി ഡിമാൻഡ് വർദ്ധിച്ചതും പോത്തിറച്ചി ലഭ്യത കുറയാൻ കാരണമാണ്.
കോഴിയിറച്ചിക്കും വില കൂടി
പോത്തിറച്ചിക്ക് വില കൂടുമ്പോൾ ചിക്കനിലേക്കും മീനിലേക്കും തിരിയുന്നതായിരുന്നു മലയാളികളുടെ പൊതുശീലം. എന്നാൽ, കോഴിയിറച്ചി വില ഉയർന്നുതന്നെയാണ്. ഒരാഴ്ചയ്ക്കിടെ 40 രൂപയോളം വർദ്ധിച്ചു. പലയിടത്തും 190 രൂപയ്ക്ക് മുകളിലാണ് വില. കൊച്ചിയിൽ വില 200ലെത്തി.
കർഷകർ വളർത്തുന്ന പോത്തുകളെ സർക്കാർ നിയന്ത്രണത്തിലുള്ള മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ ന്യായവിലയ്ക്ക് വാങ്ങണം
ജോൺ മാമൻ
പോത്ത് കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |