കാലടി: ശ്രീശങ്കര പാലം അറ്റകുറ്റപ്പണികൾക്കായി 1 കോടി 12 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായിരിക്കെ ജനപ്രതിനിധികളുടെ തടസവാദം പദ്ധതി വൈകിപ്പിക്കാൻ ഇടയാക്കും. നിലവിലെ പാലം അടച്ചിടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നും മേയിൽ പുതിയ പാലം തുറന്നശേഷം അറ്റകുറ്റപ്പണി മതിയെന്നുമാണ് ജനപ്രതിനിധികളുടെ വാദം. എന്നാൽ നാലുമാസത്തിനുള്ളിൽ പുതിയ പാലം പൂർത്തിയാകില്ലെന്ന് കരാറുകാരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.
മേയിൽ പുതിയ പാലം പണിതീർത്താലും തുടർന്നുവരുന്ന മഴക്കാലത്ത് പഴയ പാലത്തിൽ അറ്റകുറ്റപ്പണി അസാദ്ധ്യമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. പണി തുടങ്ങാൻ നടപടികളില്ലാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികളുടെ വിചിത്രമായ തീരുമാനമെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ഡിസംബർ മുതൽ തുടരുന്ന ഗതാഗതക്കുരുക്കിൽ ജനം പൊറുതിമുട്ടുമ്പോഴും പരിഹാരം അകലെയാണ്.
വർഷങ്ങൾക്കുമുമ്പ് ടാറിംഗിനായി രണ്ടാഴ്ചയും പിന്നീട് കോൺക്രീറ്റ് അടർന്നപ്പോൾ ചെന്നൈയിൽ നിന്നുള്ള എൻജിനിയർമാരുടെ പരിശോധനയ്ക്കായി ഒരാഴ്ചയും പാലം അടച്ചിട്ടിരുന്നു. അന്ന് വല്ലംകടവ്, മലയാറ്റൂർ-കോടനാട് പാലങ്ങൾ തുറന്നിരുന്നില്ലെങ്കിലും ജനങ്ങളുടെ താത്കാലിക പ്രയാസം പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്. നിലവിൽ ചെറിയ വാഹനങ്ങൾ പാലത്തിന്റെ ഒരു വശത്തുകൂടിയും വലിയ വാഹനങ്ങൾ മലയാറ്റൂർ, വല്ലംകടവ് പാലങ്ങൾ വഴിയും തിരിച്ചുവിടാൻ സൗകര്യമുണ്ട്. ഉദ്യോഗസ്ഥരുടെ ഉദാസീനതയാണ് പ്രശ്നം സങ്കീർണമാക്കുന്നതെന്ന് റിപ്പോർട്ട് അനുസരിച്ച് വ്യക്തമാകുന്നു.
അറ്റകുറ്റപ്പണികൾക്കായി സർക്കാർ അനുവദിച്ച 1 കോടി 12 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടും ഉദ്യോഗസ്ഥരും കാലടി പാലത്തിന്റെ ഇരുകരകളിലുമുള്ള നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാർ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, എം.പി എന്നിവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുത്. ജനങ്ങളുടെ ദുരിതം കാണാതെ പോകരുത്. ഈ നടപടിയെ രാഷ്ട്രീയമായിത്തന്നെ നേരിടണം.
കെ.എ. ചാക്കോച്ചൻ,പ്രസിഡന്റ്,
ഫാർമേഴ്സ് ബാങ്ക്, മറ്റൂർ, കാലടി.
ചെറുവാഹനങ്ങളെ കോടനാട്, വല്ലംകടവ് പാലങ്ങൾ വഴിയും വലിയ വാഹനങ്ങളെ ആലുവ വഴിയും തിരിച്ചുവിട്ട് സ്വകാര്യബസുകളെ പാലത്തിന്റെ ഇരുകരകളിലുമായി സർവീസ് നടത്താൻ അനുവദിച്ചാൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാം.
കാലടി എസ്. മുരളീധരൻ
സെക്രട്ടറി, എസ്.എൻ.ഡി.പി. ലൈബ്രറി. കാലടി.
പാലത്തിന്റെ ഇരുകരയിൽനിന്നും സ്വകാര്യ ബസ് സർവീസ് നടത്താൻ തയ്യാറാണ്. ആവശ്യമായ നടപടിക്കായി പ്രതിഷേധസമരം 19ന് രാവിലെ 9മുതൽ വൈകിട്ട് 5വരെ പാലത്തിനു സമീപം സംഘടിക്കും.
എ.പി. ജിബി (പ്രസിഡന്റ്), ബി.ഒ. ഡേവിസ് (സെക്രട്ടറി).
കാലടി - അങ്കമാലി മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |