കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടെ ജില്ലയിൽ പലയിടത്തും ബി.ജെ.പിയെ കോൺഗ്രസും ലീഗും തിരിച്ചും വോട്ട് ചെയ്ത് വിജയിപ്പിച്ചിട്ടുണ്ടെന്ന് സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി.മോഹനൻ. കാലിക്കറ്റ് പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ തങ്ങൾ സംവാദത്തിന് തയ്യാറാണെന്നും കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വം തയ്യാറുണ്ടോ എന്നും ചോദിച്ചു. കോർപ്പറേഷന്റെ ഏതെല്ലാം ഡിവിഷനുകളിൽ കോൺഗ്രസ് വോട്ട് വാങ്ങി ബി.ജെ.പിയും ബി.ജെ.പിയുടെ വോട്ട് വാങ്ങി കോൺഗ്രസും ജയിച്ചിട്ടുണ്ടെന്ന് ചർച്ച ചെയ്യാം. ഈ അന്തർധാരയെ കുറിച്ച് ചർച്ച ചെയ്യാൻ തങ്ങൾ എപ്പോഴും തയ്യാറാണ്. ഒഞ്ചിയം പഞ്ചായത്തിൽ പത്തൊമ്പത് വാർഡാണ് ഇപ്പോഴുള്ളത്. ഇവിടെ നാല് വാർഡിൽ ബി.ജെ.പിയുടെ വോട്ട് വാങ്ങിയാണ് കോൺഗ്രസും ആർ.എം.പിയും ജയിച്ചത്. ഇതുപോലെ മറ്റിടങ്ങളിലുമുണ്ട്. പഞ്ചായത്ത് ഭരണം യു.ഡി.എഫിന് കിട്ടിയതിന് പിന്നിലും ഒത്തുകളിയുണ്ട്. കോർപ്പറേഷനിൽ നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി കോൺഗ്രസാണ് ബി.ജെ.പിക്ക് നൽകിയത്. രണ്ട് കമ്മിറ്റികളിൽ യു.ഡി.എഫിന് ജയിക്കാമായിരുന്നു. മുൻഗണനാ വോട്ടിന്റെ ബാലപാഠം അറിയാവുന്ന ഏതൊരു രാഷ്ട്രീയക്കാരനും കാണിക്കേണ്ട ജാഗ്രത അവർ കാണിച്ചില്ല. ഇവിടെ പ്രശ്നം കോൺഗ്രസിലെ അന്തഃഛിദ്രമാണ്.
ശോഭിതയടക്കമുള്ളവർ വഴിയാധാരമാകില്ല
കോർപ്പറേഷനിലെ കോൺഗ്രസിന്റെ ചടുലമായ വനിതാ മുഖമാണ് ശോഭിത. അവർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ ചവിട്ടും കുത്തുമേറ്റു. ചെയർപേഴ്സൺ സ്ഥാനം നൽകാതെ ഹീനമായി അകറ്റിനിറുത്തി. അത്തരം അനുഭവമുള്ളവർ പരസ്യമായി നിലപാട് വ്യക്തമാക്കി പുറത്തുവന്നാൽ വഴിയാധാരമായി പോകുമോ? ബി.ജെ.പി ജയിച്ചാലും തരക്കേടില്ല, ശോഭിതയെ അടുപ്പിക്കരുതെന്നാണ് ജില്ലാനേതൃത്വം ചിന്തിച്ചത്. ശോഭിതയോടും പിതാവ് കെ.സി.അബുവിനോടും വെെര്യനിര്യാതന ബുദ്ധിയോടെ വാശി തീർക്കുകയായിരുന്നു. ഇത് ബി.ജെ.പിക്ക് വഴിയൊരുക്കി. മകൻ ചത്താലും കുഴപ്പമില്ല, മരുമകളുടെ കണ്ണീർ കണ്ടാൽ മതിയെന്ന മട്ടിൽ ബി.ജെ.പിക്ക് വന്നാലും കുഴപ്പമില്ല, ശോഭിതയെ അടുപ്പിക്കരുതെന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. കോൺഗ്രസിനോടും ബി.ജെ.പിയോടും തുല്യ അകലം പാലിച്ചതിനാലാണ് സി.പി.എം. വിട്ടുനിന്നത്. ബി.ജെ.പിയെ സഹായിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിനാൽ തങ്ങൾക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |