
കോന്നി: കരിയുണ്ടാക്കി വിറ്റ് ജീവിച്ച കുറെ മനുഷ്യരുടെ കഥ പറയും കടവുപുഴ. മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴ ഒരുകാലത്ത് കരി ഉത്പാദനത്തിന്റെയും വ്യാപാരത്തിന്റെയും കേന്ദ്രമായിരുന്നു.കൊല്ലപ്പണി നടക്കുന്ന ആലകളിലും മറ്റും അന്ന് കരി അത്യാവശ്യമായിരുന്നു. വീട്ടിലെ വൈദ്യുതി കണക്ഷന് എർത്തിംഗിനായും കരി ഉപയോഗിച്ചിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ മരങ്ങൾ യഥേഷ്ടം ലഭിച്ചിരുന്നതാണ് കരി ഉത്പാദനത്തിന്റെ കേന്ദ്രമായി ഇവിടം മാറാൻ കാരണം.
ഇവിടെ ഉണ്ടാക്കുന്ന കരി തലച്ചുമടായി 16 കിലോമീറ്റർ അകലെയുള്ള പത്തനംതിട്ടയിലും 9 കിലോമീറ്റർ അകലെയുള്ള കോന്നിയിലും എത്തിച്ചായിരുന്നു വില്പന. വലിയതോതിൽ കരി ഉത്പാദിപ്പിക്കുന്നവർ ജീപ്പുകളിലാണ് ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. നിരവധി കുടുംബങ്ങളാണ് കരിവ്യാപാരത്തിലൂടെ കുടുംബം പോറ്റിയിരുന്നത്. കല്ലാറിന്റെ ഒരു കരയിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. മറുകര വനമേഖലയാണ്. ഈ വനത്തിലാണ് കരി ഉത്പാദിപ്പിച്ചിരുന്നത് .
നിലച്ചത് വന നിയമം വന്നതോടെ
വനപാലകരുടെ കണ്ണുവെട്ടിച്ചാണ് ആളുകൾ കാട്ടിൽ നിന്ന് തടി ശേഖരിച്ചിരുന്നത്. കാട്ടിൽ വച്ച് ആതീവ രഹസ്യമായാണ് കരി നിർമ്മിച്ചിരുന്നത്. 1980കളുടെ അവസാനത്തോടെ വനം വന്യജീവി നിയമം കർശനമായപ്പോൾ ഇവർക്കെതിരെ വനംവകുപ്പ് നടപടി സ്വീകരിച്ചുതുടങ്ങി. ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന കരിയാണ് പത്തനംതിട്ടയിലും കോന്നിയിലും ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |