തലയാട്: മലയോര മേഖലയായ കാന്തലാട് വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനം താളം തെറ്റുന്നു. മിനിമം നാല് ജീവനക്കാർ വേണമെന്നിരിക്കെ ഇവിടേയുള്ളത് രണ്ടുപേരാണ്. നിലവിലുള്ള വില്ലേജ് അസിസ്റ്റൻ്റ് സ്ഥലം മാറിപ്പോയതും മറ്റൊരു ജീവനക്കാരൻ ബി.എൽ. ഒ ആയി നിയോഗിക്കപ്പെടുകയും ചെയ്തതോടെയാണ് ആളില്ലാതായത്. നിലവിൽ വില്ലേജ് ഓഫീസറും വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റും മാത്രമാണുള്ളത്. വില്ലേജിൽ പ്രകൃതി ക്ഷോഭം, വന്യമൃഗങ്ങളുടെ ശല്യം, ഡിജിറ്റൽ സർവേ എന്നിവ നടക്കുന്നുണ്ട്. ഏറെക്കാലമായി നികുതി അടയ്ക്കാത്ത സ്ഥലത്തിന് നികുതി അടച്ചു കൊടുക്കൽ തുടങ്ങി ചുമതലകളും ചെയ്ത് തീർക്കാനുണ്ട്. മലയോര മേഖലയായതിനാൽ ഈ പ്രദേശത്തേയ്ക്ക് വാഹന സൗകര്യം പരിമിതമാണ്. ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് രണ്ടും മൂന്നും തവണ ഓഫീസിലേക്ക് വരികയെന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. ചെറിയ കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരും പ്രായമായവരും മണിക്കൂറുകളോളം ഇവിടെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ജീവനക്കാരില്ലാത്തതിൻ്റെ പേരിൽ ഭിന്ന ശേഷിക്കാർ ഉൾപ്പെടേയുള്ള ജനങ്ങൾക്ക് പല തവണ ഓഫീസിൽ കയറിക്കൊണ്ടിരിക്കേണ്ട അവസ്ഥ ഒഴിവാക്കണമെന്നും എത്രയും പെട്ടന്ന് ആവശ്യമുള്ള ജീവനക്കാരെ നിയമിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |