
കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനം പോരാട്ടമവസാനിക്കുമ്പോൾ എറണാകുളം മികച്ച പ്രകടനവുമായി മുന്നോട്ട്. ഇന്നലെ വൈകിട്ട് 9.30ന്റെ കണക്ക് പ്രകാരം 661പോയിന്റാണ് ജില്ലയ്ക്ക് ഉള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 70 ഇനങ്ങളിലായി 338 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 69ഇനങ്ങളിലായി 323 പോയിന്റുമാണ് ജില്ലയ്ക്ക്.
മറ്റു ജില്ലകളെ അപേക്ഷിച്ച് മത്സരിച്ച ഇനങ്ങളുടെ ഫലങ്ങൾ ഏറെ വരാനുണ്ടെന്നുള്ളത് ജില്ലയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്.
നിലവിലെ പൊയിന്റു പട്ടികയിൽ 8-ാം സ്ഥാനത്താണെങ്കിലും 13 പോയിന്റുകൾ കൂടി നേടിയാൽ ജില്ലയ്ക്ക് ആദ്യ അഞ്ചിൽ ഇടം നേടാം.
ഹയർസെക്കൻഡറി വിഭാഗത്തിൽ ഇന്നലെ നടന്ന ചിത്ര രചനയിലും കാർട്ടൂണിലും തായമ്പകയിലുമെല്ലാം ജില്ല മികവ് പുലർത്തി. ഹൈസ്കൂൾ വിഭാഗത്തിൽ മലപ്പുലയ ആട്ടമുൾപ്പടെ പത്തോളം ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കാനും ജില്ലയ്ക്കായി.
97 സ്കൂളുകളിൽ നിന്നായി 767 മത്സരാർത്ഥികളാണ് ജില്ലക്കായി മാറ്റുരയ്ക്കുന്നത്. ശ്രീനാരായണ സ്കൂളുകളും എറണാകുളം നഗരത്തിലെ സ്കൂളുകളുമാണ് ജില്ലയ്ക്കായി വീറോടെ പൊരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |