
തിരുവനന്തപുരം: നഗരത്തിൽ സിറ്റി പൊലീസ് നടത്തിയ പ്രത്യേക സുരക്ഷാ പരിശോധനയിൽ നിരവധി കുറ്റവാളികൾ പിടിയിലായി. സിറ്റി പൊലീസ് കമ്മിഷണർ കാർത്തിക് കെയുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർമാരുടെ മേൽനോട്ടത്തിൽ 18ന് വൈകിട്ട് 6 മുതൽ അർദ്ധരാത്രി വരെയായിരുന്നു പരിശോധന. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികൾ,കോളനികൾ,വിനോദസഞ്ചാര കേന്ദ്രങ്ങൾ,ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 42എൻ.ഡി.പി.എസ് കേസുകളും 57അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. പരിശോധനയുടെ ഭാഗമായി 294 സ്ഥാപനങ്ങളിലും 101 ലേബർ ക്യാമ്പുകളിലും പൊലീസ് പരിശോധിച്ചു. നഗരത്തിൽ 915ഓളം വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചവർക്കും മറ്റ് നിയമലംഘനങ്ങൾ നടത്തിയവർക്കുമായി 188 കേസുകൾ രജിസ്റ്റർ ചെയ്തു. മോട്ടോർ വാഹന നിയമപ്രകാരം 717വാഹനങ്ങൾക്ക് പിഴ ചുമത്തി. വിവിധ കോടതികളിൽ നിന്നുള്ള 49 വാറണ്ടുകളും 21 ലോക്കൽ പൊലീസ് വാറണ്ടുകളും ഉൾപ്പെടെ 90ഓളം വാറണ്ടുകൾ പരിശോധനയുടെ ഭാഗമായി നടപ്പിലാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |