
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ പകർച്ചപ്പനി ബാധിതരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒരുലക്ഷം പേർക്കാണ് പനി ബാധിച്ചിരിക്കുന്നത്. ഇതിനൊപ്പം ശബ്ദതടസത്തിന് ഇടയാക്കുന്ന ലാറിഞ്ചൈറ്റിസ് എന്ന തൊണ്ടയിലെ അണുബാധയും വർദ്ധിക്കുന്നു. കൊവിഡ് കാലത്തിനു ശേഷമുള്ള ഈ പനിബാധ വളരെ സൂക്ഷിക്കേണ്ടതാണ്. തുടക്കത്തിൽത്തന്നെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിച്ചില്ലെങ്കിൽ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും പനി വഴിവയ്ക്കാം. പകർച്ചപ്പനി വർദ്ധിക്കാൻ കാരണമായി വിദഗ്ദ്ധർ വിലയിരുത്തുന്നത് കാലാവസ്ഥയിൽ ചൂടും തണുപ്പും മാറിവരുന്ന പ്രതിഭാസമാണ്. കഴിഞ്ഞ പതിനാറാം തീയതിവരെ 1.11 ലക്ഷം പേർക്ക് പനി ബാധിച്ചുവെന്നാണ് സർക്കാർ കണക്ക്. ഇതിന്റെ പകുതിയോളം പേർ സ്വകാര്യ ആശുപത്രികളെ സമീപിച്ചിരിക്കാം. തനിയെ ഗുളിക കഴിച്ച് ആശുപത്രികളെ സമീപിക്കാത്തവരുടെ എണ്ണവും കുറവല്ല.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നാലുപേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണമടഞ്ഞത്. പത്തുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കിൽ മരണത്തിനു വരെ ഇടയാക്കാവുന്നതാണ് മസ്‌തിഷ്കര ജ്വരം. കഴിഞ്ഞ വർഷം 201 പേർക്കാണ് ഇത് ബാധിച്ചത്. ഇതിൽ 47 പേരും മരണമടയുകയാണുണ്ടായത്. പനിക്കൊപ്പം ഛർദ്ദി - അതിസാര രോഗങ്ങളും വർദ്ധിക്കുന്നതിനാൽ ഇത്തരം രോഗികൾക്ക് കിടത്തി ചികിത്സ അനിവാര്യമാണ്. അതിനാൽ സർക്കാർ ആശുപത്രികളിലെ സജ്ജീകരണങ്ങൾ വിപുലപ്പെടുത്താൻ ആരോഗ്യവകുപ്പ് പ്രത്യേക നടപടികളും എടുക്കേണ്ടത് അത്യാവശ്യമാണ്. മൂന്നാഴ്ചയ്ക്കിടെ 26,691 പേർക്കാണ് ഛർദ്ദി - അതിസാര രോഗങ്ങൾ പിടിപെട്ടിട്ടുള്ളത്. ഡെങ്കിപ്പനി ബാധിച്ച 742 പേരിൽ നാലു പേർക്ക് ഇതുവരെ ജീവഹാനിയുണ്ടായി. ഡെങ്കിപ്പനി വർദ്ധിക്കുന്നതിന് പ്രധാന കാരണം കൊതുകുകളുടെ ബാഹുല്യമാണ്. കൂടിക്കിടക്കുന്ന മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന വെള്ളമുള്ള ഓടകളും കൊതുകുശല്യം ഇരട്ടിയാക്കുന്നു. മുനിസിപ്പൽ ജീവനക്കാർ കൊതുകു നശീകരണ പ്രവൃത്തികളുമായി രംഗത്തുണ്ടെങ്കിലും നഗരങ്ങളിൽ കൊതുകുശല്യം കുറഞ്ഞിട്ടില്ല.
കൊതുകു കടി ഏൽക്കാതിരിക്കാനുള്ള മാർഗങ്ങളും കൊതുകു വലകളും മറ്റും വീടുകളിൽ ഉപയോഗിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. ചൂട് കൂടിയ കാലാവസ്ഥയായതിനാൽ ഭക്ഷണം വേഗം കേടാകുന്നതും വയറുമായി ബന്ധപ്പെട്ട പല അസുഖങ്ങൾക്കും ഇടയാക്കുന്നുണ്ട്. പകൽസമയത്ത് ചൂട് കൂടിയതോടെ ചിക്കൻപോക്സും വ്യാപകമാകുന്നു. കൊവിഡ് കാലത്ത് പല സ്വയം നിയന്ത്രണങ്ങളും ജനങ്ങൾ എടുത്തിരുന്നെങ്കിലും ഇപ്പോൾ പനിയുള്ളവർ പോലും മാസ്‌ക് ധരിക്കുന്നില്ല എന്നത് അപകടകരമാണ്. പനിയുള്ളവരും ജലദോഷമുള്ളവരും മാസ്‌ക് നിർബന്ധമായും ധരിക്കുന്നുണ്ടെന്ന് അവരുടെ ബന്ധുക്കളും ഓഫീസ് സ്റ്റാഫും മറ്റും ഉറപ്പാക്കണം. അടിക്കടി പൈപ്പ് പൊട്ടുന്നതിനാൽ വൃത്തിഹീനമായ ജലം ലഭിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. അതിനാൽ ഈ പനിക്കാലം മാറുംവരെ തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രമേ കുടിക്കാവൂ.
തൊണ്ടയ്ക്ക് അണുബാധയുണ്ടായാൽ മരുന്നിനൊപ്പം തന്നെ പാലിക്കേണ്ട ഒന്നാണ് ശബ്ദനിയന്ത്രണം. ഇപ്പോഴത്തെ പനിക്കും മറ്റും പൂർണവിശ്രമം അനിവാര്യമാണ്. പനി ഉള്ള സമയത്ത് കായികാദ്ധ്വാനം കൂടുതൽ വേണ്ട ജോലിയിൽ നിന്ന് തൊഴിലാളികളും മാറിനിൽക്കുന്നുണ്ടെന്ന് അവരുടെ മേൽനോട്ടക്കാർ ഉറപ്പുവരുത്തണം. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോളനികളിലും സ്ഥലങ്ങളിലും മെഡിക്കൽ സംഘം സന്ദർശിച്ച് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തേണ്ടതാണ്. അതുപോലെ, തൊണ്ടവേദനയ്ക്കും ശബ്ദതടസത്തിനും ആന്റിബയോട്ടിക് അനാവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനാൽ സ്വയം ആന്റിബയോട്ടിക് ചികിത്സ നടത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അത്തരം ചികിത്സകൾ പിന്നീട് മരുന്നുകൾ ഫലിക്കാതിരിക്കാൻ പോലും ഇടയാക്കാം. ആശുപത്രികളെ ആശ്രയിക്കുന്നതിനൊപ്പം രോഗവ്യാപനം തടയാൻ പൊതുജനങ്ങളും അവരുടേതായ നിലയിൽ മുൻകരുതലുകൾ എടുക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |