
പത്തനംതിട്ട: പൊട്ടിയിളകിയ കെട്ടിടം, മുകളിലേക്ക് പടർന്നുകയറിയ വള്ളിപ്പടർപ്പുകൾ, പരിസരം മുഴുവൻ നിറഞ്ഞ് മാലിന്യം. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന്റെ മൊത്തത്തിലുള്ള ചിത്രമിതാണ്. അത്രയധികം മോശം സാഹചര്യത്തിലാണ് ജില്ലാ കോടതിയടക്കം പ്രവർത്തിക്കുന്ന മിനിസിവിൽ സ്റ്റേഷൻ.
ജീവനക്കാരെല്ലാം അപകടം സംഭവിക്കുമോയെന്ന ഭയപ്പാടിലാണ് ജോലി ചെയ്യുന്നത്. കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ഇളകി വീഴുകയാണ്. സുരക്ഷ സംവിധാനങ്ങൾ ഒന്നും ഈ അഞ്ച് നില കെട്ടിടത്തിലില്ല. ടോയ്‌ലെറ്റുകളുടെ സ്ഥിതി അതീവ ദയനീയമാണ്.
ദുർഗന്ധം കാരണം കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ്. ബാത്ത് റൂമുകളിലെയും വാഷ് ബേസിനുകളിലെയും പൈപ്പുകൾ പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നുണ്ട്. റവന്യൂ, പൊതുവിതരണം, നഗരാസൂത്രണം, ജി.എസ്.ടി, തദ്ദേശ സ്ഥാപനം തുടങ്ങി വിവിധ വകുപ്പുകളുടെ കാലപ്പഴം ചെന്ന വാഹനങ്ങൾ ലേലത്തിൽ പോകാതെ വർഷങ്ങളായി മിനിസിവിൽ സ്റ്റേഷൻ വളപ്പിൽ തുരുമ്പെടുക്കുകയാണ്.
കെട്ടിടത്തിന്റെ മദ്ധ്യഭാഗത്ത് വാഹനങ്ങൾ ഉപേക്ഷിച്ചിരിക്കുകയാണ്. പഴയ വാഹനങ്ങൾക്ക് മുന്നിലായാണ് ജീവനക്കാരുടെയും വിവിധ ഓഫീസുകളിലെത്തുന്നവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഔദ്യോഗിക വാഹനങ്ങൾക്ക് പോലും പാർക്ക് ചെയ്യാൻ ചില സമയം ഓഫീസ് വളപ്പിൽ സ്ഥലം കിട്ടാറില്ല. അവ പുറത്ത് പാർക്ക് ചെയ്യേണ്ടി വരും.
നിരവധി സർക്കാർ ഓഫീസുകളും വിവിധ കോടതികളും പ്രവർത്തിക്കുന്നത് മിനിസിവിൽ സ്റ്റേഷൻ സമുച്ചയത്തിലാണ്. ദിവസവും ധാരാളം പേർ വന്ന് പോകുന്ന സ്ഥലമായിട്ടും നവീകരിക്കാനോ പുതിയ കെട്ടിടം പണിയാനോ നടപടികൾ നീളുകയാണ്.
മേൽക്കൂര പൊട്ടിയടർന്ന് വീഴുന്നു
ബാർ കൗൺസിൽ കെട്ടിടം പകുതിയും ഇളകി അടർന്ന നിലയിൽ
മറ്റ് വകുപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിട ഭാഗങ്ങളും ജീർണാവസ്ഥയിൽ
ഭയപ്പാടോടെയാണ് ഓരോ ദിവസവും ജീവനക്കാർ ജോലി ചെയ്യുന്നത്
മിനിസിവിൽ സ്റ്റേഷൻ വളപ്പിൽ പ്ലാസ്റ്റിക്ക് മാലിന്യം അടക്കം കുമിഞ്ഞുകൂടി
പുറത്ത് നിന്ന് ഇവിടേക്ക് മാലിന്യം തള്ളുന്നുണ്ടെന്ന് ജീവനക്കാർ
കെട്ടിടം
5 നിലകൾ
മാലിന്യം കാരണം ഉച്ചകഴിഞ്ഞാൽ കൊതുക് ശല്യം രൂക്ഷമാണ്. ബാത്ത്റൂമുകളിലെ ദുർഗന്ധം അസഹനീയം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇളകി വീണിട്ടും അധികൃതർക്ക് കണ്ടമട്ടില്ല.
ജീവനക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |