
തൃശൂർ: അന്താരാഷ്ട്ര നാടക ദിനങ്ങൾക്ക് ഇന്ന് തിരശീല ഉയരും. ഉച്ചകഴിഞ്ഞ് മൂന്നിന് ഫ്രാങ്കൻസ്‌റ്റൈൻ പ്രൊജക്ട് എന്ന നാടകത്തോടെ ഇറ്റ്‌ഫോക്കിന് തുടക്കമാകും. മേരി ഷെല്ലിയുടെ ഫ്രാങ്കൻസ്‌റ്റൈൻ എന്ന നോവലിനെ ആധാരമാക്കി അർജന്റീനയിൽ നിന്നുള്ള ലൂസിയാനോ മൻസൂർ എന്ന സംഘമാണ് നാടകം അവതരിപ്പിക്കുന്നത്. നാളെ രാവിലെ 9.30 നും ഉച്ചകഴിഞ്ഞ് മൂന്നിനും അക്കാഡമിയിലെ ബ്ലാക്ക് ബോക്‌സിൽ വീണ്ടും നാടകം അരങ്ങേറും. എല്ലാ സജ്ജീകരണങ്ങളോടെ വിദേശ നാടക സംഘങ്ങൾ തൃശൂരിലെത്തി.
നാടകങ്ങളുടെ അവതരണത്തിനുശേഷം വിവിധ നാടകങ്ങളെയും വിഷയങ്ങളെയും ആസ്പദമാക്കി മുഖാമുഖവും സംവാദവും നടത്തും. ജനുവരി 27 രാവിലെ 11.30 ന് മാൾപ്രാക്ടീസ് ആൻഡ് ദി ഷോ, അണ്ടർ ദി മാങ്കോസ്റ്റീൻ ട്രീ, ദി നെതർ എന്നീ നാടകങ്ങളുടെ അണിയറപ്രവർത്തകർ നാടകപ്രേക്ഷകരുമായി സംവദിക്കും. ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന പരിപാടിയിൽ പ്രശസ്ത ഗുജറാത്തി നാടകകൃത്തും സിനിമാസംവിധായകനുമായ ദക്ഷിൺ ഛാര സംസാരിക്കും. ഇന്ന് വൈകീട്ട് അഞ്ചിന് മന്ത്രി കെ. രാജൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9.30നും ഉച്ചകഴിഞ്ഞും നാടകങ്ങൾ ഉണ്ടായിരിക്കും.
ആകർഷണമായി ഡോക്യുമെന്ററിയും
നാടകോത്സവം കാണാൻ എത്തുന്നവർക്ക് നാടകവും ഡോക്യുമെന്ററിയും കണ്ട് മടങ്ങാം. ഡോക്യുമെന്ററി പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഇറ്റ്‌ഫോക്കിന്റെ രണ്ടാംദിനമായ നാളെ മുതൽ 31 വരെ ഇറ്റ്‌ഫോക്ക് വേദിയായ ഫാവോസിൽ വൈകീട്ട് അഞ്ചിന് പ്രദർശനം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |