
കണ്ണൂർ : നടാൽ അടിപ്പാത വിഷയത്തിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ കണ്ണൂർ ജില്ലയിൽ എൻ.എച്ച് 66 ന്റെ പ്രവൃത്തികളൊന്നും തുടരാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ സുധാകരൻ എം.പി പറഞ്ഞു .കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിലെ യാത്ര പ്രശ്‌നം പരിഹരിക്കാൻ നടാലിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് കത്ത് നൽകി. അനുകൂലമായ തീരുമാനം കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പ് നൽകിയതാണ്. പാർലമെന്റിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും എം.പി വിശദീകരിച്ചു.
എന്നാൽ ജില്ലയിലെ ഉദ്യോഗസ്ഥർ നൽകിയ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിപ്പാത വിഷയത്തിൽ അനുകൂലമായ തീരുമാനമില്ലാത്തത്.ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിച്ച് വികസനത്തിന്റെ പേരിൽ ജനങ്ങളെ ദ്രോഹിച്ചാൽ അതിനെതിരെ പ്രതികരിക്കേണ്ടി വരും
അശാസ്ത്രീയ നിർമ്മാണം ഭീഷണി
അശാസ്ത്രീയമായ ദേശീയ പാത നിർമ്മാണം ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണെന്നും കെ.സുധാകരൻ കുറ്രപ്പെടുത്തി. കുപ്പം ദേശീയപാതയിൽ വീണ്ടുമുണ്ടായ മണ്ണിടിച്ചിലിൽ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.ദേശീയപാതയിലെ സർവീസ് റോഡിന്റെ അവസ്ഥ അതിശോചനീയമാണ് . ചാലക്കുന്നിൽ നിർമ്മിച്ച സർവീസ് റോഡിന്റെ നിലവിലെ അവസ്ഥ ദേശീയ പാത ഉദ്യോഗസ്ഥർ നേരിട്ട് പോയി വിലയിരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു. സർവീസ് റോഡിന്റെ ശോചനീയാവസ്ഥ കാരണം മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത് നിത്യ സംഭവമാണ്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ ഭാഗത്തു നിന്നും സത്വരനടപടി ആവശ്യമാണ്. പ്രക്ഷോഭത്തിന്റെ പാതയിലിറങ്ങാൻ ജനങ്ങളെ നിർബന്ധിതരാക്കരുതെന്നും സുധാകരൻ ആവശ്യപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |