തൃശൂർ: 46ാം സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ കൗൺസിലർ അഡ്വ.ജോയി ബാസ്റ്റ്യൻ ചാക്കോള അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, ഷീല ജോർജ് എന്നിവർ വിശിഷ്ടാതിഥികളാകും. തുടർന്ന് കോർപറേഷൻ കൗൺസിലർ അഡ്വ.സുബി ബാബു സമ്മാനവിതരണം നിർവഹിക്കും. തൃശൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നാല് ദിവസങ്ങളിൽ എട്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കലോത്സവം ജനറൽ കോ ഓർഡിനേറ്റർ കൂടിയായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.പി.ജയപ്രകാശ് സ്വാഗതം പറയും. തൃശൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് പി.ജയപ്രസാദ് നന്ദി പറയും.
കൊടുങ്ങല്ലൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ മുൻപിൽ
തൃശൂർ: തൃശൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ ആതിഥേയത്വത്തിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ കൊടുങ്ങല്ലൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ 136 പോയിന്റുമായി മുന്നേറ്റം തുടരുന്നു. കോക്കൂർ ടെക്‌നിക്കൽ ഹൈസ്കൂളും (118 പോയിന്റ്) പാലക്കാട് ടെക്‌നിക്കൽ ഹൈസ്കൂളും (114 പോയിന്റ്) രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഇന്ന് രാവിലെ 8 ന് ടൗൺഹാളിൽ ദേശഭക്തിഗാന മത്സരവും സാഹിത്യ അക്കാഡമി ഹാളിൽ 8 ന് ആൺകുട്ടികളുടെയും 10.30 ന് പെൺകുട്ടികളുടെയും മോണോ ആക്ട് മത്സരങ്ങളും നടക്കും. തൃശൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ 8 ന് പെൺകുട്ടികളുടെയും 9.15 ന് ആൺകുട്ടികളുടെയും മിമിക്രി, ഡ്രോയിംഗ് ഹാളിൽ 8 ന് തബല, 11 ന് മൃദംഗം എന്നീ മത്സരങ്ങളും നടക്കും. വൈകിട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനം മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കൗൺസിലർ സുബി ബാബു സമ്മാനവിതരണം നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |