
കൊച്ചി: ഫെയ്‌സ്ക്രീം മാറ്റിവച്ചതിന് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച 30കാരി നിവ്യ കൊലപാതക, കഞ്ചാവുകേസുകളിലെ പ്രതിയെന്ന് പൊലീസ്. യുവതിയെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്താനും കാപ്പ ചുമത്താനും പൊലീസ് ആലോചിക്കുകയാണ്. 2020ൽ നെട്ടൂരിൽ ഫഹദ് ഹുസൈൻ എന്ന യുവാവ് കുത്തേറ്റ് ചോരവാർന്നു മരിച്ച സംഭവം, മൂന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ് നിവ്യ.
ഇതിനിടിയിൽ നിവ്യയുടെ അഞ്ചുവയസുള്ള മകനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ യുവതിയുടെ അമ്മ സരസുവിന് ഡോക്ടർ ആറുമാസത്തെ വിശ്രമം നിർദേശിച്ചതിനെ തുടർന്നാണിത്. ഫേസ്‌ക്രീം മാറ്റിവച്ചതിനെ തുടർന്നല്ല നിവ്യ അമ്മയെ മർദിച്ചതെന്നും പണത്തിന്റെ പേരിലുള്ള തർക്കമാണ് കാരണമെന്നും വിവരമുണ്ട്.
കഴിഞ്ഞ പത്തുവർഷമായി സരസുവും കുടുംബവും പനങ്ങാട്ടാണ് താമസിക്കുന്നത്. വീടുകളിൽ ജോലിക്കുപോയാണ് ഇവർ നിവ്യയെയും മൂത്തമകളെയും വളർത്തിയത്. 20 വയസ് കഴിഞ്ഞതോടെ നിവ്യ കഞ്ചാവ് സംഘത്തിന്റെ കൂട്ടുക്കെട്ടിൽ പെടുകയായിരുന്നു. ഇതിനിടയിൽ യുവതിയുടെ വിവാഹം കഴിഞ്ഞു. അധികം വൈകാതെ തന്നെ ബന്ധം വേർപെടുത്തിയതായും വിവരമുണ്ട്. കഞ്ചാവുകേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയിലാണ് യുവതി അമ്മയെ ആക്രമിച്ചത്.
ജനുവരി 19നായിരുന്നു കേസിനാസ്‌പദമായ സംഭവം. യുവതി സരസുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര ഉപയോഗിച്ച് വാരിയെല്ല് തല്ലി ഒടിക്കുകയായിരുന്നു. ഇവരുടെ തലയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന് പിറ്റേദിവസമാണ് സരസു പൊലീസിൽ പരാതി നൽകിയത്. ഇതോടെ നിവ്യ വയനാട്ടിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. അവിടെ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച പനങ്ങാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ എത്തിച്ചപ്പോൾ പൊലീസിനോട് തട്ടിക്കയറുന്ന നിവ്യയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |