
ചങ്ങനാശേരി: എസ്എൻഡിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറുന്നെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഞങ്ങൾക്ക് സംശയം തോന്നി. അത് എന്താണെന്ന് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ ഒന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് രാഷ്ട്രീയ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ വിടുന്നതിൽ അനുവാദം ചോദിച്ചിരുന്നു. പറ്റില്ലെന്ന് അപ്പോൾ തന്നെ നേരിട്ട് അറിയിച്ചെന്നും സുകുമാരൻ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും ഐക്യം പ്രായോഗികമല്ലെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. ഐക്യശ്രമം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പരാജയമാകും. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമാണെന്നും എൻഎസ്എസ് അറിയിച്ചു.
എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങൾക്കു കോട്ടം തട്ടാതെ എസ്എൻഡിപി യോഗവുമായുള്ള ഐക്യം യാഥാർത്ഥ്യമാക്കുമെന്നാണ് സുകുമാരൻ നായർ നേരത്തെ അറിയിച്ചത്. എൻഎസ്എസ് ഐക്യത്തിന് പോകുന്നത് സംഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടാണ്. ഒരു സമുദായമായിട്ടോ മതവുമായിട്ടോ വിരോധങ്ങളുള്ള തലത്തിൽ പെരുമാറുന്നതിനോ ഒന്നും ഞങ്ങൾ വഴിവയ്ക്കുകയില്ല. അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട്, എല്ലാവരുമായി യോജിച്ച് ഹൈന്ദവ സംഘടനയിലെ പ്രബല സമുദായങ്ങളായ എസ്എൻഡിപിയും എൻഎസ്എസും തമ്മിൽ ഒന്നിക്കുന്നതിൽ എന്താ തെറ്റെന്നും അദ്ദേഹം ചോദിച്ചിരുന്നു.
എൻഎസ്എസ് തീരുമാനം വാർത്താ ചാനലുകളിലൂടെ മാത്രമാണ് കണ്ടതെന്നും അതുകൊണ്ട് മറുപടി പറയുന്നില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. പൂർണരൂപം അറിഞ്ഞശേഷം മറുപടി പറയാം. ഇപ്പോഴുള്ള ചോദ്യങ്ങളും മറുപടികളും അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |