
ന്യൂഡൽഹി: 2025 ജൂലായിൽ ഇന്ത്യൻ സൈന്യം മ്യാൻമറിൽ രഹസ്യ ഓപ്പറേഷൻ നടത്തിയതായി ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചുള്ള ശൗര്യചക്ര പുരസ്‌കാര വിതരണത്തിനിടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ജൂലായ് 11നും 13നുമിടയിൽ ഇന്തോ-മ്യാൻമർ അതിർത്തിയിലായി ഓപ്പറേഷൻ നടന്നതായാണ് ഔദ്യോഗിക വിശദീകരണം. ഓപ്പറേഷന് നേതൃത്വം നൽകിയ 21 പാരയിലെ (സ്‌പെഷ്യൽ ഫോഴ്‌സസ്) ലഫ്. കേണൽ ഘടാജ് ആദിത്യ ശ്രീകുമാറിന് ശൗര്യചക്ര നൽകി ആദരിക്കുന്നതിനിടെയാണ് ഇന്ത്യൻ സൈന്യം മ്യാൻമർ അതിർത്തി കടന്ന് ഒൻപത് ഭീകരവാദ ക്യാമ്പുകൾ തകർത്തതായുള്ള വിവരം പുറത്തുവിട്ടത്. സൈനിക ഓപ്പറേഷനിടെ കൊല്ലപ്പെട്ടവരിൽ മുതിർന്ന ഭീകരർ ഉൾപ്പെടുന്നതായും വിവരണത്തിൽ പറയുന്നു.
കഴിഞ്ഞവർഷം ജൂലായിൽ മ്യാൻമറിലെ സഗായിംഗ് മേഖലയിൽ നടന്ന മിസൈൽ, ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് മുതിർന്ന നേതാക്കൾ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒഫ് അസൊം (യുഎൽഎഫ്‌എ) വാദമുന്നയിച്ചിരുന്നു. ഇന്ത്യക്കെതിരായി അനേകം ആക്രമണങ്ങൾ അഴിച്ചുവിടുന്ന ഭീകരസംഘടനയാണിത്. തങ്ങളുടെ ക്യാമ്പുകൾ തകർത്തത് ഇന്ത്യൻ സൈന്യമാണെന്ന് യുഎൽഎഫ്‌എ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ സൈന്യം നിഷേധിക്കുകയാണ് ചെയ്തത്. ഓപ്പറേഷനിൽ സംസ്ഥാന പൊലീസ് സേനയ്ക്ക് പങ്കില്ലെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ത്യാവിരുദ്ധ സംഘടനകളുടെ ക്യാമ്പുകളെയാണ് ലക്ഷ്യം വച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഓപ്പറേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |