
ക്വാർട്ടറിൽ കൊക്കോ ഗൗഫിനെ വീഴ്ത്തി എലിന സ്വിറ്റോളിന
കാർലോസ് അൽക്കാരസ്, സബലേങ്ക,അലക്സിസ് സ്വരേവ് സെമിയിൽ
മെൽബൺ : പുരുഷ സിംഗിൾസിലെ ടോപ് സീഡ് കാർലോസ് അൽക്കാരസ് കരിയറിലാദ്യമായി ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ സെമിയിലെത്തിയപ്പോൾ വനിതാവിഭാഗത്തിൽ മൂന്നാം സീഡ് അമേരിക്കൻ താരം കൊക്കോ ഗൗഫ് ക്വാർട്ടറിൽ പുറത്ത്. ഓസ്ട്രേലിയക്കാരനായ അലക്സ് ഡിമിനയൂറിനെ 7-5.6-1,6-2ന് തോൽപ്പിച്ചാണ് കാർലോസ് അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. ടൂർണമെന്റിൽ ഇതുവരെ ഒരുസെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് കാർലോസ് സെമിവരെയെത്തിയിരിക്കുന്നത്.
ഉക്രേനിയൻ വെറ്ററൻ താരം എലിന സ്വിറ്റോളിനയാണ് കൊക്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയത്. 59 മിനിട്ടുമാത്രം നീണ്ട മത്സരത്തിൽ 6-1,6-2 എന്ന സ്കോറിനായിരുന്നു എലിനയുടെ വിജയം. 31കാരിയായ എലിനയുടെ മൂന്നാമത്തെ മാത്രം ഗ്രാൻസ്ളാം സെമിഫൈനലും ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ സെമിയുമാണിത്.2018,2019,2025 വർഷങ്ങളിൽ ഇവിടെ ക്വാർട്ടറിൽ കളിച്ചെങ്കിലും തോൽക്കാനായിരുന്നു വിധി. അതാണ് ഇക്കുറി എലിന തിരുത്തിക്കുറിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ കൊക്കോ ഗൗഫിന് തിരിച്ചടിയായിരുന്നു. സർവ്വിൽ താളം കണ്ടെത്താൻ കഴിയാതെവന്നതോടെ മത്സരം കൊക്കോയുടെ കൈവിട്ടുപോയി. 2023 വിംബിൾഡണിന് ശേഷം ആദ്യമായാണ് എലിന ഒരു ഗ്രാൻസ്ളാമിന്റെ സെമിയിലേക്ക് എത്തുന്നത്.
സെമിയിൽ ടോപ് സീഡ് അര്യാന സബലേങ്കയാണ് എലിനയുടെ എതിരാളി. ക്വാർട്ടറി അമേരിക്കൻ കൗമാരതാരം ഇവ ജോവിച്ചിനെ തോൽപ്പിച്ചാണ് അര്യാന സെമിയിലേക്ക് കടന്നത്. 6-3,6-0 എന്ന സ്കോറിനാണ് ബെലറൂസുകാരിയായ സബലേങ്ക ഇവയെ കീഴടക്കിയത്. തുടർച്ചയായ നാലാം വർഷമാണ് സബലേങ്ക ഇവിടെ സെമിയിലെത്തുന്നത്. താരത്തിന്റെ കരിയറിലെ 14-ാമത് ഗ്രാൻസ്ളാം സെമിയാണിത്. 2023ലും 2024ലും ഇവിടെ കിരീടം നേടിയിരുന്ന സബലേങ്കയെ കഴിഞ്ഞ വർഷം ഫൈനലിൽ മാർട്ടിൻ കീസ് തോൽപ്പിച്ചിരുന്നു. ഇക്കുറി കീസ് നാലാം റൗണ്ടിൽ ജെസീക്ക പെഗുലയോട് തോറ്റ് പുറത്തായി.
പുരുഷ വിഭാഗത്തിൽ മൂന്നാം സീഡ് ജർമ്മൻ താരം അലക്സാണ്ടർ സ്വരേവാണ് സെമി ഉറപ്പിച്ചത്. ക്വാർട്ടറിൽ അമേരിക്കൻ താരം ലേണിയർ ടിയെനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ പൊരുതിത്തോൽപ്പിച്ചാണ് സ്വരേവ് സെമിയിലേക്ക് കാലുകുത്തിയത്. സ്കോർ : 6-3,7-6(5/7),6-1,7-6(7/3).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |