
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ മുൻ മന്ത്രി നീലലോഹിതദാസൻ നാടാർക്ക് ആശ്വാസം. നീലലോഹിതദാസനെ വെറുതേവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മുൻ മന്ത്രിക്ക് അനുകൂലമായ സുപ്രധാന വിധിയുണ്ടായിരിക്കുന്നത്.
നായനാർ സർക്കാരിന്റെ കാലത്ത് വനംവകുപ്പിലെ മുൻ ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നീലലോഹിതദാസൻ നാടാർക്കെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്‌തത്. അന്ന് വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ച ഈ സംഭവം ഒടുവിൽ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം നഷ്‌ടപ്പെടുന്നതിലേക്ക് പോലും നയിച്ചിരുന്നു.
കേസിന്റെ തുടക്കത്തിൽ കോഴിക്കോട് വിചാരണ കോടതി നീലലോഹിതദാസൻ നാടാരെ കുറ്റക്കാരനായി കണ്ടെത്തി ഒരു വർഷത്തെ തടവുശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. എന്നാൽ, ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വെറുതേവിട്ടു. ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്‌തുകൊണ്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്.
കേസിന്റെ വസ്‌തുതകൾ വിശദമായി പരിശോധിച്ച ശേഷം ഹൈക്കോടതിയുടെ വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി പരാതിക്കാരിയുടെ ഹർജി തള്ളുകയായിരുന്നു. മൂന്ന് പ്രധാന കാര്യങ്ങളിലാണ് ഹർജി തള്ളാനായി കോടതി ചൂണ്ടിക്കാണിച്ചത്. പരാതി നൽകുന്നതിലുണ്ടായ കാലതാമസം വിശ്വാസ്യതയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാമതായി പരാതിക്കാരിയുടെ മൊഴികളിലെ വൈരുദ്ധ്യം കോടതി പരിശോധിച്ചു. മജിസ്‌ട്രേറ്റ് മുമ്പാകെ നൽകിയ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയും തമ്മിൽ പ്രകടമായ വൈരുദ്ധ്യങ്ങളുള്ളതായി കോടതി കണ്ടെത്തി.
നീലലോഹിതദാസൻ നാടാർ ഒരു സീരിയൽ ഒഫൻഡറാണെന്ന് വാദത്തിനിടെ പരാതിക്കാരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക റബേക്ക ജോൺ വാദിച്ചിരുന്നു. അദ്ദേഹത്തിനെതിരെ സമാനമായ മറ്റ് ചില പരാതികൾ കൂടിയുണ്ടെന്ന കാര്യവും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, ഈ കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതോടെ ഇത്തരം പരാമർശങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തുടർന്ന് പരാതിക്കാരി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് കോടതി അന്തിമവിധി പുറപ്പെടുവിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |