
125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു 500 ലധികം പ്രതിനിധികൾ
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് ചേരുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29 ന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ അദ്ധ്യക്ഷനാവും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും.
30 നു രാവിലെ 10 ന് ആർ .ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലോകകേരളസഭാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം എട്ട് വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ചർച്ചകളും ഏഴ് മേഖലാ സമ്മേളനങ്ങളും നടക്കും. നിയമസഭയിലെ എട്ടു ഹാളുകളിലായാണ് ഉച്ചയ്ക്ക് 2.30 മുതൽ 3.45 വരെയുള്ള ചർച്ചകൾ.
വൈകിട്ട് നാല് മുതൽ 5.30 വരെയാണ് മേഖലാ സമ്മേളനങ്ങൾ. 30 ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ 'നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നുണ്ട്
31 നു രാവിലെ ആർ .ശങ്കരനാരായണൻ തമ്പി ഹാളിൽ രാവിലെ 9 മുതൽ 10.15 വരെ ഏഴു മേഖലാ യോഗങ്ങളുടെയും എട്ടു വിഷയാടിസ്ഥാനത്തിലുള്ള സമിതിയുടെയും റിപ്പോർട്ടിംഗ് നടക്കും. മൂന്നിന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ അഞ്ചാം ലോക കേരള സഭയ്ക്ക് സമാപനമാകും.
വാർത്താ സമ്മേളനത്തിൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി .ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടി .വി അനുപമ, നോർക്ക സി .ഇ. ഒ അജിത് കൊളാശ്ശേരി എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |