
കൊച്ചി: നാട്ടിലേക്ക് തിരികെ പോകാൻ പണം ചോദിച്ചതിന് യുവതിയെ സുഹൃത്തും കൂട്ടുകാരും സംഘം ചേർന്ന് മർദ്ദിച്ച് അവശയാക്കി. അസാം നൽബാരി സ്വദേശിയായ 23കാരിയാണ് മർദ്ദനത്തിന് ഇരയായത്. ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെയും ഇയാളുടെ കൂട്ടുകാരനെയും എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ 4ന് ശാസ്താ ടെമ്പിൾ റോഡിലെ സിൽവർ നെസ്റ്റ് ലോഡ്ജിന് മുന്നിലായിരുന്നു സംഭവം. പ്രതികളും മറ്റ് 13 പേരും ചേർന്ന് മർദ്ദിച്ചെന്നും വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി.
പശ്ചിമബംഗാൾ ഉത്തർദിൻപൂർ ഗോൽപോക്കർ സ്വദേശികളായ സർഫ്രാസ് അഹമ്മദ് (30), നബാബുൾ നസ്‌റുദ്ദീൻ (25) എന്നിവരാണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. ഒപ്പമുണ്ടായിരുന്നവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർഫ്രാസുമായി പ്രണയത്തിലായിരുന്നു യുവതി. ഏതാനും മാസം മുമ്പാണ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ എറണാകുളത്ത് എത്തിച്ചത്. കലൂരിലെ ലോഡ്ജിൽ താമസവും ഏർപ്പാടാക്കി. ജോലി ശരിയാകാത്തതോടെ യുവതി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ഇതിന് പണം ആവശ്യപ്പെട്ടപ്പോൾ ഒന്നും രണ്ടും പ്രതികളും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചെന്നുമാണ് യുവതിയുടെ മൊഴി.
എന്നാൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ എത്തിച്ചശേഷം വേശ്യാവൃത്തി ചെയ്യിപ്പിച്ച് പ്രതികൾ പണം സമ്പാദിച്ചിരുന്നതായും യുവതി പണം ആവശ്യപ്പെട്ടതാണ് ഇരുവരെയും പ്രകോപിപ്പിച്ചതെന്നുമാണ് പൊലീസിന് ലഭിച്ചിട്ടുള്ള രഹസ്യവിവരം. സംഭവത്തിൽ ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ യഥാർത്ഥ വിവരം വ്യക്തമാകൂ. പ്രതികളെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |