കൊച്ചി: കൊച്ചി കോർപ്പറേഷൻ വിഭാവനം ചെയ്യുന്ന ഇന്ദിരാ കാന്റീനിൽ പത്ത് രൂപയ്ക്ക് ഉച്ച ഊണും നൽകും. 50 ദിന കർമപദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കാന്റീനിൽ പ്രഭാത, രാത്രിഭക്ഷണം മാത്രമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 10 രൂപയ്ക്ക് ഉച്ച ഊണും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. മേയർ അഡ്വ. വി.കെ. മിനിമോൾ ഇന്നലെ കൗൺസിലിനെ ഇക്കാര്യം അറിയിച്ചു.
കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതിനായി 50ദിന കർമപദ്ധതിയുടെ ഭാഗമായാണ് യു.ഡി.എഫ് ഇന്ദിരാകാന്റീൻ അവതരിപ്പിച്ചത്. നിലവിലുള്ള 'സമൃദ്ധി' ഹോട്ടലിനെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലായിരിക്കും ഇന്ദിരാ കാന്റീൻ നടപ്പിലാക്കുകയെന്നും സമൃദ്ധിയുമായി ചേർന്നായിരിക്കില്ല ഇത് പ്രവർത്തിക്കുകയെന്നും മേയർ വ്യക്തമാക്കി. ഇന്ദിരാകാന്റീൻ സംബന്ധിച്ച് വ്യക്തത വേണമെന്ന സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ വി.എ. ശ്രീജിത്തിന്റെ ആവശ്യത്തിന് മറുപടി നൽകുകയായിരുന്നു മേയർ.
പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയിൽ നടക്കും.നേരത്തെ പരമാര റോഡിലെ 'സമൃദ്ധി അറ്റ് കൊച്ചി' ഹോട്ടലിന്റെ ഭാഗമായി ഇന്ദിര കാന്റീൻ പ്രവർത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇത് സമൃദ്ധിയെ തകർക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചതിനെ തുടർന്നാണ് ഇന്ദിരാ കാന്റീൻ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ എറണാകുളം നഗരത്തിലും ഫോർട്ടുകൊച്ചിയിലുമായി രണ്ട് യൂണിറ്റുകളാണ് ആരംഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |