SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.00 PM IST

വണ്ടൂരിൽ സെലിബ്രിറ്റിയെ രംഗത്തിറക്കാൻ എൽ.ഡി.എഫ്

Increase Font Size Decrease Font Size Print Page
ap

കാളികാവ്: എസ്.സി സംവരണ നിയമസഭാ മണ്ഡലമായ വണ്ടൂർ എക്കാലത്തും യു.ഡി.എഫിന്റെ കോട്ടയാണ്. 1977ൽ മണ്ഡലം രൂപീകരിച്ചതിനു ശേഷം നടന്ന 11 തിരഞ്ഞെടുപ്പിൽ പത്തെണ്ണത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചിട്ടുള്ളത്. 1996ൽ മാത്രമാണ് മണ്ഡലം ഇടതിനൊപ്പം നിന്നത്. നാട്ടുകാരനായ കണ്ണനിലൂടെയാണ് ഇടതുമുന്നണി മണ്ഡലം പിടിച്ചത്. 5,​508 വോട്ടിനാണ് പന്തളം സുധാകരനെ കണ്ണൻ പരാജയപ്പെടുത്തിയത്. 1977ൽ വെള്ള ഈച്ചരൻ, 80ൽ ഡോക്ടർ എം.എ.കുട്ടപ്പൻ,1 982, 87, 91 എന്നീ തിരഞ്ഞെടുപ്പുകളിൽ പന്തളം സുധാകരനാണ് വിജയിച്ചത്. 1996ലെ തോൽവിക്ക് ശേഷം പിന്നീട് 2001 മുതൽ 2021 വരെ അഞ്ച് തിരഞ്ഞെടുപ്പുകളിലും എ.പി.അനിൽകുമാറാണ് വണ്ടൂരിൽ നിന്ന് നിയമസഭയിലെത്തിയത്.

ഇക്കുറി എന്തു വിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കാനുള്ള സർവ്വ തന്ത്രവും പയറ്റുന്ന എൽ.ഡി.എഫ് കിടയറ്റ സ്ഥാനാർത്ഥിയെ കളത്തിറക്കാനാണ് പരിപാടി. അനിൽ കുമാറിനെതിരെ കഴിഞ്ഞ അഞ്ചു തിരഞ്ഞെടുപ്പുകളിലും അപ്രസക്തരായ സ്ഥാനാർത്ഥികളെയാണ് നിർത്തിയിരുന്നതെന്ന് അണികൾക്കിടയിൽ തന്നെ സംസാര വിഷയമാണ്. 2021ൽ സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി കൂടിയായിരുന്ന മിഥുനയെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്.
15,563 വോട്ടിന്റെ ഭൂരിപക്ഷമാണ് അനിൽകുമാർ നേടിയത്. 2021ലെ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 1,77,882 വോട്ടിൽ 51.44 ശതമാനം വോട്ട് യു.ഡി.എഫും 42.28 ശതമാനം എൽ.ഡി.എഫും നേടി. എന്നാൽ ഇക്കുറി ചിത്രം മാറുമെന്നാണ് എൽ.ഡി.എഫ് നേതൃത്വം പറയുന്നത്. അതിനായി ജില്ലയിൽ നിന്ന് പുറത്തുള്ള ഏറ്റവും അറിയപ്പെട്ട ഒരുസെലിബ്രിറ്റിയെ ഇതിനകം കണ്ടു വെച്ചിട്ടുണ്ടെന്നാണ് വിവരം.

പോരൂർ, വണ്ടൂർ, മമ്പാട്, തിരുവാലി, ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, തുവ്വൂർ തുടങ്ങി എട്ടു പഞ്ചായത്തുകളാണ് വണ്ടൂർ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഈ പഞ്ചായത്തുകളൊക്കെ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്. എന്നാൽ യു.ഡി.എഫിൽ തന്നെ ചിലയിടങ്ങളിൽ സ്ഥാനാർത്ഥിയെ മാറ്റണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. അതിനവർ പറയുന്ന ന്യായം വികസന മുരടിപ്പാണ്.

ഏറ്റവും പ്രധാനമായി പറയുന്നത് രണ്ടു കാര്യമാണ്. ഒന്നാമത്തേത് ഗതാഗതക്കുരുക്കിനാൽ ജീവൻ പോലും നഷ്ടപ്പെട്ട വാണിയമ്പലം റെയിൽവെ ഗേറ്റാണ്. അനേക കാലമായി പാർലമെന്റ് മണ്ഡലവും നിയമസഭാ മണ്ഡലവും കൈയ്യിലിരുന്നിട്ടും വാണിയമ്പലത്ത് റെയിൽവെ ഓവർ ബ്രിഡ്ജ് നിർമ്മിക്കാനായില്ല എന്നതാണ്. രണ്ടാമത്തേത് മണ്ഡലത്തിൽ ഒരുസർക്കാർ കോളേജ് സ്ഥാപിക്കാൻ കഴിഞ്ഞില്ല എന്നതുമാണ്. അതേസമയം എൻ.ഡി.എയ്ക്ക് മണ്ഡലത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

2016 ൽ 6.08 ശതമാനത്തോടെ 9,471 വോട്ടും നേടിയ മുന്നണി 2021ലെത്തിയപ്പോൾ 4.15 വോട്ടിംഗ് ശതമാനത്തിലേക്ക് താഴ്ന്ന് 7,057 വോട്ടായി കുറഞ്ഞു.

ജില്ലയിലെ ഇതര മണ്ഡലങ്ങളെ അപേക്ഷിച്ച് ആദിവാസികളടക്കം എസ്.സി വോട്ടുകൾ കൂടുതലുള്ള മണ്ഡലമാണിത്. ജനസമ്പർക്കത്തിന്റെ കാര്യത്തിലും കുടുംബ വിഷയങ്ങളിൽ പോലും ഇടപെടുന്ന നിലവിലെ എം.എൽ.എയെ കുട്ടികൾക്കു പോലും സുപരിചിതനാണ്. ഇതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന കാര്യം.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY