കൊല്ലം : അരിനല്ലൂർ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ തിരുനാൾ മഹോത്സവം ഫെബ്രുവരി 1 വരെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രിമുഖ്യൻ മേപ്പിള്ളി ഇല്ലം ബ്രഹ്മശ്രീ പരമേശ്വരര് വിനായകൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
ഇന്ന് മുതൽ 31 വരെയുള്ള ദിവസങ്ങളിൽ രാവിലെ ഭാഗവതപാരായണം, വൈകിട്ട് ദീപാരാധന, പ്രസാദഊട്ട് എന്നിവയുണ്ടാകും. ഇന്ന് രാത്രി തിരുവാതിരയും നാളെ ഭക്തിഗാനമേളയും, 30ന് രാവിലെ പൊങ്കാലയും രാത്രി നൃത്തനിത്യങ്ങളും അരങ്ങേറും.
ഫെബ്രുവരി 1ന് തൈപ്പൂയ ദിനത്തിൽ പുലർച്ചെ 5 മണിക്ക് നടതുറക്കലോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 7ന് സ്കന്ദപുരാണപാരായണം, 7.15ന് നൂറും പാലും സമർപ്പണം, 8 മുതൽ നിറപറസമർപ്പണം.
രാവിലെ 9ന് അലങ്കരിച്ച വാഹനങ്ങൾ, ചെണ്ടമേളം, മുത്തുക്കുടകൾ, പാൽക്കാവടി, ഫ്ലോട്ട്, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കാവടിഘോഷയാത്ര ആരംഭിക്കും. 10ന് ശൂലംകുത്തോടു കൂടിയ കാവടിഘോഷയാത്രയും, 11ന് അഞ്ചാലുംമൂട് തെങ്ങുംതുറയിൽ ഡോ.ബാബു നേർച്ചയായി നടത്തുന്ന കലശപൂജയും കാവടി അഭിഷേകവും നടക്കും. ഉച്ചയ്ക്ക് 12ന് സമൂഹസദ്യ ഉണ്ടായിരിക്കും. വൈകിട്ട് 5ന് നടതുറക്കലും നിത്യപൂജകളും, 6.45ന് ദീപാരാധനയും നടക്കും. രാത്രി 7.30ന് ഇസ അവതരിപ്പിക്കുന്ന 'തുളസിക്കൊടി' കഥാപ്രസംഗവും7.45-ന് ഹിഡുംബൻപൂജയും തുടർന്ന് പ്രസാദഊട്ടും നടക്കുമെന്ന് പ്രസിഡന്റ് രാംരാജ് കൊല്ലം, സെക്രട്ടറി തമ്പി കെ. വിളയിൽ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |