SignIn
Kerala Kaumudi Online
Saturday, 25 April 2026 4.20 AM IST

ട്രാൻസ് അതിജീവനവും ഭക്ഷണരാഷ്ട്രീയവും പറഞ്ഞ് നൂറമ്മയുടെ ബിരിയാണിക്കഥ

Increase Font Size Decrease Font Size Print Page
photo

തൃശൂർ: ഭക്ഷണത്തിനൊരു രാഷ്ട്രീയമുണ്ട്, ആ രാഷ്ട്രീയം ട്രാൻസ്‌ജെൻഡർമാരുടെ ജീവിതവുമായി ഇഴചേർത്ത് വിളമ്പുന്നൊരു ബിരിയാണി, അതാണ്... 'നൂറമ്മ: ബിരിയാണി ദർബാർ'. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട ട്രാൻസ് വ്യക്തികൾക്ക് ഭക്ഷണം എങ്ങനെ ഒരു അതിജീവനമാർഗവും സ്വത്വവുമായി മാറുന്നുവെന്ന് വിവരിക്കുന്നതാണ് നാടകം.
ദിണ്ഡിഗലിൽ ജനിച്ച് വീടും നാടും ഉപേക്ഷിച്ച് പൊള്ളാച്ചിക്കടുത്ത് എത്തപ്പെട്ട നൂർജഹാൻ ബീഗം എന്ന നൂറമ്മയുടെ കഥയാണിത്.
ട്രാൻസ്‌ജെൻഡർ കലാകാരിയും എഴുത്തുകാരിയുമായ എ. രേവതിയാണ് അരങ്ങിൽ നൂറമ്മയായി എത്തുന്നത്. മറ്റ് അഭിനേതാക്കൾക്ക് സംഭാഷണങ്ങളില്ലാതെ അരങ്ങിൽ നൂറമ്മ മാത്രമാണ് സംസാരിക്കുന്നത്.

' ഏകാംഗനാടകം പോലെ 70 മിനുറ്റോളം ഒറ്റയ്ക്ക് സംഭാഷണം അവതരിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. 58 വയസുള്ള ഞാൻ 30 പേജ് ഡയലോഗ് പഠിച്ചു. തിയറ്ററിനൊരു ശക്തിയുണ്ട്. എഴുതാനും പറയാനും കഴിയാത്തത് തിയറ്ററിൽ ഹൃദയത്തിൽ തൊട്ട് അവതരിപ്പിക്കാനാകും.' നാടകാവതരണത്തിന് ശേഷം രേവതി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എഴുത്തും മറ്റ് സാമൂഹിക ഇടപെടലും എല്ലാം തിയേറ്റർ ആർട്ടിസ്റ്റായതോടെ നിറുത്തേണ്ടി വന്നുവെന്നും അവർ വിശദീകരിച്ചു. വേദിയിൽ നൂറമ്മ പാചകം ചെയ്ത ബിരിയാണി നാടകാന്ത്യം പ്രേക്ഷകർക്ക് വിതരണം ചെയ്തു. കെ.ടി. മുഹമ്മദ് തിയേറ്ററിൽ ഇന്നലെ രാവിലെ 11ന് അവതരിപ്പിച്ചപ്പോൾ ചിക്കൻ ബിരിയാണിയും വൈകിട്ട് 4.30നുള്ള അവതരണശേഷം ബീഫ് ബിരിയാണിയും വിതരണം ചെയ്താണ് ഭക്ഷണരാഷ്ട്രീയം കൂടി വിളംബരം ചെയ്തത്. ചെന്നൈയിലെ 'കട്ടിയക്കാരി' തിയറ്റർ ഗ്രൂപ്പിനായി ശ്രീജിത്ത് സുന്ദരം സംവിധാനം ചെയ്ത് അനീഷ് ആന്റോ തിരക്കഥ നിർവഹിച്ച നാടകത്തിലെ അഭിനേതാക്കളെല്ലാം ട്രാൻസ്‌ജെൻഡർമാരാണെന്ന പ്രത്യേകതയുമുണ്ട്.

നൂർജഹാൻ ബീഗത്തിന്റെ കൈപ്പുണ്യവും കോയമ്പത്തൂരിലെ ട്രാൻസ്‌ജെൻഡർ ഹോട്ടലുടമ തങ്കത്തിന്റെ കൊലപാതക കഥയും കൊവിഡ് കാലത്തെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ സമൂഹ അടുക്കള വിശേഷങ്ങളും വേട്ടയാടപ്പെടുന്ന മുസ്ലിം സ്വത്വവും ചേർത്തുവച്ചപ്പോൾ ഇറ്റ്‌ഫോക് വേദിയിലെ പേക്ഷകർക്ക് 'നൂറമ്മ: ബിരിയാണി ദർബാർ' വേറിട്ട വിഭവമായി മാറി.



'വലിയ വലിയ വേദികളൊന്നും ഞങ്ങൾക്ക് കിട്ടാറില്ല. കേരളമാണ് തുടക്കത്തിലേ ഇതുപോലെ വലിയൊരിടം തന്നത്. മുംബയ് ജി 5, ബംഗളൂരു ജി.കെ തുടങ്ങി എട്ടൊൻപത് വേദികളിൽ ഇതിനകം നാടകം അവതരിപ്പിക്കാനായി.'

എ. രേവതി, മുഖ്യ അഭിനേത്രി

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.