
കായംകുളം: കുറുവസംഘത്തെ അനുകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ കുറ്റവാളി കൃഷ്ണപുരം കാപ്പിൽ അശ്വിൻ ഭവനത്തിൽ സ്പൈഡർ എന്നു വിളിക്കുന്ന സുനിൽ (47), സഹായി കായംകുളം പുള്ളിക്കണക്ക് വെളുത്തേരിൽ വീട്ടിൽ ജിതേഷ് (39) എന്നിവർ പിടിയിലായി. വള്ളികുന്നം, നാമ്പുകുളങ്ങര, മങ്ങാരം, കട്ടച്ചിറ, തെക്കേമങ്കുഴി, വട്ടയ്ക്കാട്, കിണറുമുക്ക് എന്നീ പ്രദേശങ്ങളിൽ നടന്ന മോഷങ്ങളെപ്പറ്റി ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വള്ളികുന്നം പൊലീസും നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
40ഓളം വാഹനമോഷണക്കേസുകളിൽ പ്രതിയായിരുന്ന സ്പൈഡർ സുനിൽ ഈ കേസുകളുടെ കോടതി നടപടികൾ തീർന്നശേഷം സ്കൂൾ വാഹനം, ടാക്സി കാറുകൾ എന്നിവ ഓടിച്ച് ജീവിച്ചുവരികയായിരുന്നു. അഡംബര ജീവിതത്തിനായാണ് ഇതിനിടയിൽ ആളുകളില്ലാത്ത വീടുകളിൽ മോഷണം നടത്തിയിരുന്നത്. മുമ്പ് ജയിലിൽ കിടന്നപ്പോൾ സഹതടവുകാരായിരുന്ന കുറുവ സംഘത്തിൽ നിന്ന് മനസിലാക്കിയാണ് പിന്നീട് ഇവർ ചെയ്തിരുന്ന രീതിയിൽ മോഷണം ആരംഭിച്ചത്. കുറുവ സംഘത്തിന്റെ രീതിയിൽ വസ്ത്രധാരണം ചെയ്താണ് മോഷണത്തിനിറങ്ങിയിരുന്നത്.
കൂട്ടുപ്രതിയായ ജിതേഷ് മോഷണസ്ഥലത്ത് ബൈക്കിൽ തന്നെ കൊണ്ടുവിടാറുണ്ടെന്ന് സുനിൽ പൊലീസിനോട് പറഞ്ഞിരുന്നു. സുനിലിനെ കൃഷ്ണപുരം കൊട്ടാരത്തിനു സമീപത്തു നിന്നും ജിതേഷിനെ പുള്ളിക്കണക്കിനു സമീപത്തുള്ള വീട്ടിൽ നിന്നുമാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വള്ളികുന്നം എസ്.ഐ കെ.ദിജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണപിള്ള. ജി, അനീഷ് ജി.നാഥ്, അൻഷാദ്.എം, മുഹമ്മദ് ഷെഫീക്ക്.ഐ, അരുൺ ഭാസ്കർ,എം.അഖിൽ കുമാർ , ഫിറോസ്.എ.എസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
കുറുവ സ്റ്റൈലിൽ സഞ്ചാരം
2022ൽ കായംകുളത്തു നടന്ന മോഷണത്തിൽ പിടിക്കപ്പെട്ട് ജയിലിലായിരുന്നു. പിന്നീട് ജയിൽ മോചിതനായതിനു ശേഷം കുറച്ചുനാൾ മറ്റ് ജോലികൾ ചെയ്ത് ജീവിച്ചിരുന്നെങ്കിലും പിന്നീട് വള്ളികുന്നം പൊലീസ് സ്റ്റേഷന്റെ പടിഞ്ഞാറൻ മേഖലയിലേക്ക് മോഷണം വ്യാപിപ്പിച്ചു. തുടർച്ചയായി അവധി വരുന്ന ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ബുള്ളറ്റിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കണ്ടുവയ്ക്കുകയും രാത്രിയിൽ മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. തലയിലുടെ ലുങ്കി പുതച്ച് കയ്യിൽ മാരകായുധവും കരുതി അടിവസ്ത്രം മാത്രം ധരിച്ച് തമിഴ് കുറുവ മോഷ്ടാവാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം കിലോമീറ്ററുകൾ നടന്ന് വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയാണ് മോഷണം നടത്തിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |