
• നാലു കോടിയുടെ തട്ടിപ്പെന്ന് സംശയം
മുളന്തുരുത്തി: നാലു കോടിയോളം രൂപയും 100 പവൻ സ്വർണവും തട്ടിയെടുത്ത് ഫിനാൻസ് സ്ഥാപന ഉടമ നാടുവിട്ടതായി പരാതി. മുളന്തുരുത്തിയിലെ പ്രമുഖ ഫിനാൻസ് സ്ഥാപനത്തിനെതിരെ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ 20ൽപരം പരാതികളെത്തി. കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
മുളന്തുരുത്തി സ്റ്റേഷന് സമീപം 16 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനം സ്വർണ്ണപ്പണയ ലൈസൻസിന്റെ മറവിൽ വൻ തുക നിക്ഷേപം സ്വീകരിക്കുകയും അനധികൃതമായി ചിട്ടി നടത്തുകയും ചെയ്തെന്നാണ് പരാതി. ജനുവരി 19ന് ശേഷം സ്ഥാപനം തുറന്നിട്ടില്ല. കുറച്ചുദിവസത്തേക്ക് തുറക്കേണ്ടെന്ന് ജീവനക്കാരിക്ക് വാട്സ്ആപ്പ് സന്ദേശം നൽകിയാണ് മുങ്ങിയത്. ഉടമയുടെ മകൻ യു.കെയിലാണ്. കുടുംബാംഗങ്ങളുടെ ഫോണുകൾ ഓഫാണ്. ഇടപാടുകാർ സ്വർണ്ണം തിരിച്ചെടുക്കാൻ എത്തുന്നുണ്ട്. കൂടിയ അളവിൽ സ്വർണ്ണം പണയം വച്ചവരാണ് പരാതി നൽകിയത്.
20 ലക്ഷം രൂപ നിക്ഷേപിച്ചയാളും പരാതിക്കാരിൽ ഉൾപ്പെടുന്നു. സ്റ്റേഷനിലെത്തി വാക്കാലും കുറച്ചുപേർ പരാതി നൽകി. പലരിൽ നിന്നും വലിയ തുക പലിശയ്ക്കെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്തും പണം മുടക്കിയിട്ടുണ്ട്.
• പൊതുപ്രവർത്തന രംഗത്തും സജീവം
പ്രമുഖ ഇടതുകക്ഷിയുടെ പിറവം മണ്ഡലം കമ്മിറ്റി അംഗമാണ് ഫിനാൻസ് ഉടമ. രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ സജീവമായിരുന്നു. ആ വിശ്വാസ്യതയിലൂടെയാണ് പലരിൽ നിന്നും പണം വാങ്ങിയത്. സ്വന്തം വീടും സ്ഥലവും ബാങ്കിൽ പണയത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |